Monday 25 November, 2013

ഇഡലി-ഒനിയോ- കാപ്സിക്കാന

ജീവിതത്തിൽ ഒരിക്കൽ മാത്രം കഴിച്ചിട്ടുള്ളതും  ഹഠാത് ആകര്ഷിച്ചതും.  ആയ മോർണിംഗ്  ദോശ ആണ് നാളത്തെ  പലഹാരം എന്നുറപ്പിച്ചു നിങ്ങൾ ഉറങ്ങാൻ കിടക്കുന്നു. രാവിലെ ഉണരുമ്പോ  ആയതിലേക്ക് അരി കുതിര്ക്കാൻ ഇട്ടില്ല എന്നാ ഞെട്ടിക്കുന്ന രഹസ്യം നിങ്ങൾ മനസിലാക്കുന്നു.

തോറ്റ് കൊടുക്കാൻ മനസില്ലാത്ത നിങ്ങൾ. പുട്ടിനു പൊടിച്ചു വച്ചിരിക്കുന്ന മാവ് വച്ച് ടി സംഭവം ഉണ്ടാക്കാം എന്ന് തീരുമാനിക്കുന്നു.  ആദ്യത്തെ ദൊശയിൽ തന്നെ സംഗതി കൈയീന്നു പോയി എന്ന് നിങ്ങൾ മനസിലാക്കുന്നു.  എങ്കിലും ഒരു പരീക്ഷണം കൂടി എന്ന നിലയിൽ മാവ് കുറച്ചു കൂടി ലൂസാക്കുന്നു.  അടുത്ത തവണത്തെ ശ്രമതോടെ  ഇത് ചീറ്റി എന്നാ സത്യം നിങ്ങളുടെ മനസാക്ഷി അന്ഗീകരിക്കും.  അപ്പോൾ മറ്റൊരു പലഹാരത്തിന്റെ സാധ്യതകളിലെയ്ക്ക് നിങ്ങൾ മനസുപായിക്കുന്നു. പുട്ട് തന്നെ ഉണ്ടാക്കിയാലോ അപ്പൊ ഈ കലക്കിയ മാവ് കളയണ്ടെ എന്ന് നിങ്ങളിലെ പിശുക്കി / കാര്യപ്രാപ്തിയുള്ള വീട്ടമ്മ ആകുലപ്പെടുന്നു. നിങ്ങളിലെ ശാസ്ത്രജ്ഞ ഉണരുന്നു. അതാ നിങ്ങൾ ഇഡലി കുക്കര് എടുക്കുന്നു.  ഇതാ നിങ്ങളുടെ കയ്യിലുള്ള കണ്ണീരിന്റെ സാന്ദ്രത ഉള്ള മാവ് ഇഡലി ആയ രൂപാന്തരണം പ്രാപിക്കാൻ പോകുന്നു.  

നിങ്ങൾ ഇഡലി പാത്രം തുറക്കുമ്പോ  അരുമയാന നേർത്ത  ഇഡലികൾ കാണാം.  അവരെ പാത്രത്തിലാക്കാൻ പോകുമ്പോ നിങ്ങൾ അകപ്പെട്ടിരിക്കുന്ന കെണിയുടെ ആഴം മനസിലാകും. വെള്ളലുവ പോലെ കാണുന്ന ഇവന് ഇളക്കി എടുക്കാൻ നേരം ജെള്ളിഫിഷ് പോലെ വളുവളാ  അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല എന്നാ നിലയിലാണ്.  ഈ സമയം നിങ്ങളുടെ കേട്യോൻ  ഒന്നും ആയില്ലെടീ എന്നാ ചോദ്യവുമായ് പ്രവേശിക്കും .  എന്നിട്ട് പാത്രത്തിലിരിക്കുന്ന  സാധനം നോക്കി സൊതവെ  ഉരുണ്ട കണ്ണുകൾ വീണ്ടും ഉരുട്ടി കാണിക്കും.  

ഇതെങ്ങനെ തിന്നും കറിയെന്താ  എന്നൊക്കെ തികച്ചും അനാവശ്യമായ ചോദ്യങ്ങള ചോദിക്കം. 

ഒരു പുഞ്ചിരിയോടെ അതൊക്കെ നേരിടുക ചേട്ടാ ഈ ഡിഷ്‌ പകുതി മാത്രമേ ആയിട്ടുള്ളൂ. ഇനീം പ്രിപ്പരെഷൻ  ഉണ്ട് എന്ന് മൊഴിയുക.  എന്നിട്ട് രണ്ടു സവാളയും കട്ടിംഗ് ബോര്ടും കത്തിയും എടുത്തു കൊടുത്തിട്ട് പറയുക ചേട്ടന്റെ കട്ടിംഗ് കാണാൻ തന്നെ രസമാ.   മതി  നിങ്ങൾക്ക് ആവശ്യമുള്ള സംഗതിയ്ക്കുള്ള ഇന്ധനം ആയിക്കഴിഞ്ഞു.    

ഈ സമയം ചുമ്മാ ഫ്രിഡ്ജ് തുറന്നു നോക്കുക. ലാഭത്തിനു കിട്ടി എന്നാ ഒറ്റക്കാരണം കൊണ്ട് വാങ്ങിച്ച കാപ്സിക്കം അവിടെ ശാപമോക്ഷം കാത്തിരിക്കുന്നുണ്ടാകും. ചുമ്മാ എടുത്തു കഴുകി ഞരുപിരാ കട്ട് ചെയ്യുക. ഈ സമയം ചേട്ടൻ സവാള കട്ട് ചെയ്തു തീര്ന്നു കാണും. സവാള ആൻഡ്‌ കാപ്സിക്കം  എണ്ണയിൽ ഇട്ടു വരട്ടുക.

 നിങ്ങളോര്ക്കുക എന്താണ് ചെയ്യാൻ പോകുന്നത് എന്നത് നിങ്ങള്ക്ക് തന്നെ അറിയില്ല എങ്കിലും ചേട്ടൻ നോക്കി നില്ക്കുന്നതോണ്ട് വളരെ ശ്രദ്ധയോടെ  അതി വിശിഷ്ട റെസിപ്പി കൈകാര്യം ചെയ്യുന്ന ഭാവം ആണ് മുഖത്ത് വരുത്തേണ്ടത്. ഈ സമയം ഇളക്ക ചേട്ടനെ ഏല്പ്പിച്ചു.   ഇഡലി രൂപത്തില ഇരിക്കുന്ന സാദനം കട്ട്‌ ചെയ്യാം .  ശ്രദ്ധിക്കുക കട്ട്‌ ചെയ്യുംപോ അത് കത്തീടെ കൂടെ വരും  സൊ ശ്രദ്ധിച്ച്.

 ഇപ്പോൾ ഇളക്ക് ഒരു പരുവമായിക്കാനും സ്റ്റവ്വിനു മുകളിൽ അത്തപ്പൂക്കളം ഇടുവാരുന്നോ ചേട്ടാ എന്നൊക്കെ ചോദിയ്ക്കാൻ തോന്നും . ഡോണ്ട് ടു  പകരം  ഒരു ചിരി ചിരിച്ചു  റോൾ കയ്യെൽക്കുക. ചേട്ടൻ ടി വി കണ്ടോ എന്നൊരു ഓപ്ഷൻ കൊടുക്കുക.  സ്വിച്ചിട്ട പോലെ അപ്രത്യക്ഷമാകും.  ഈ സമയം ഉള്ളി മുളക് കൂട്ട് ഒന്ന് മയപ്പെട്ടു കാണും. ചുമ്മാ സകേലം മഞ്ഞപ്പൊടി ഒരിച്ചിരി കുരുമുളക് ഒരു ഇത്തിരിപ്പോരം ഗരം മസാല  ആവശ്യത്തിനു ഉപ്പ് എന്നിവ ചേർത്ത് ഒന്ന് കൂടി മോരിയിച്ചു അവനെ താഴെ ഇറക്കുക.  വേറൊരു പാന് അടുപ്പത് വയ്ക്കുക അത് ചൂടാകുമ്പോ ഇനി എന്ത്  എന്നാലോചിക്കുന്ന നിങ്ങളുടെ കണ്ണിൽ  അതാ മിൽമെടെ നെയ്ക്കുപ്പി പെടുന്നു. എടുക്കുക ഒഴിക്കുക നല്ലോണം ചൂടാകട്ടെ എന്നിട്ട് ഇഡലി കഷണംസ് ഇടുക. ലെറ്റ്‌ ദെം  മൊരിയൽ. അങ്ങട്ട് ചോക ചൊകാാന്നു ആവട്ടെ.   ആയിക്കഴിഞ്ഞു ഇനി ഉള്ളിക്കൂട്ടു ഇട്ടു അങ്ങട് ഇളക്കുക. നിങ്ങള്ക്ക് നിങ്ങളെ പറ്റി അഭിമാനം തോന്നുന്നില്ലേ?   തോന്നിതുടങ്ങിയെങ്കിൽ സ്റ്റവ് ഓഫ് ചെയ്തേരെ.

 നല്ല കലക്കന് പാത്രത്തില ഇവനെ അങ്ങട്ട് ഒതുക്കി വച്ച് ഒരു മല്ലിയില കൊണ്ട് ഗാർണിഷ് ചെയ്ത് ടി വി കാണുന്ന ചേട്ടന് മുൻപിൽ വയ്ക്കുക.  

ഇതിന്റെ പെരെന്താടീ.
ഇതാണ് ഇഡലി-ഒനിയോ- കാപ്സിക്കാന. 

നീയാള് പുലിയാട്ടാ എന്നൊരു ഭാവം ഇപ്പൊ ആ മുഖത്ത് കാണാം. മടിക്കണ്ട ഇതൊക്കെ എന്ത് എന്നാ ഭാവം നിങ്ങള്ക്കും ഫിറ്റ്‌ ചെയ്യാം. 

Wednesday 1 August, 2012

സുഹൃത്തുക്കള്‍


ഇത് ചതിയാണ് കുട്ടീ നീ കേള്‍ക്കുന്നതും അറിയുന്നതും മിനുക്കിയെടുത്ത നുണകള്‍ ആണ്. ഇതല്ല ശരി. ഇതാവരുത്‌ നിന്റെ വിധി. എന്ന് പറഞ്ഞു എന്നെ നേരുക്ളിലെയ്ക്ക് എത്തിച്ച കവിതേച്ചി.....
അറിയാതൊരു നാട്ടില്‍,
അണക്കെന്താടീ ഞങ്ങള്‍ ഒക്കെ ഇല്ലേ. അനക്ക്‌ നല്ല മേട്ടം കിട്ടാഞ്ഞിട്ടാന്നു സ്നേഹത്തോടെ ശാസിക്കുന്ന. വിഷമ ദിശകളില്‍ ഒരു ടെലിപ്പതി പോലെ പെട്ടന്ന് വിളിച്ചു സുഖ വിവരം അന്വേഷിച്ചു ആശ്വസിപ്പിക്കുന്ന,ഏതാവസ്യതിനും നിന്റെ കൂടെപ്പിറപ്പിനെ പോലെ ഞാനുണ്ട് കൂടെ എന്ന് പറഞ്ഞ രാജേട്ടന്‍.
അച്ഛന്‍ പോയപ്പോ ധൈര്യമെല്ലാം പോയ്‌ തന്നിലേയ്ക്ക് വലിഞ്ഞു ഒളിച്ചിരുന്നപ്പോള്‍ വര്‍ഷങ്ങളുടെ ഇടവേലയ്ക്ക്ശേഷം വീണ്ടും പ്രത്യക്ഷപ്പെട്ടു, ഇത് നീയല്ല നിനക്കിങ്ങനെയൊന്നും ആകാന്‍ കഴിയില്ല. ഒന്ന് നിര്‍ത്താമോ നിന്റെ അഭിനയം എന്ന് പറഞ്ഞു എന്റെ വിഹ്വലതകളെ നിസരവല്‍ക്കരിച്ചു, പഴയ സൌഹ്ര്ടങ്ങളുടെ പകല്‍വെളിച്ചങ്ങളിയെക്ക് കൂട്ടികൊണ്ടു പോയ ഉണ്ണി. അന്നവന്‍ വന്നില്ലായിരുന്നെങ്കില്‍.... കഥ വേറെ തന്നെ ആയേനെ.......
ഇന്നി ഒന്നേ എന്ന് പറഞ്ഞു തുടങ്ങിയപ്പോ ഒരു മാരഗ്ഗനിര്‍ദ്ദേശിയായ്‌, ഇപ്പോഴും എല്ലായ്പ്പോഴും സ്നേഹം കൊണ്ടെന്നെ തോല്‍പ്പിച്ച ആരോമല്‍.. (പഠനം കഴിഞ്ഞു പിരിഞ്ഞ നാളുകളില്‍ അവന്‍ ആഴ്ച് തോറും എഴുത്തും... :) ഒരു കാര്‍ഡില്‍... )
നീ പേടിക്കതെടീ ആരും വേണ്ട ഞാനില്ലേ ഞാന്‍ മാത്രം മതി എന്ന് പറഞ്ഞു, കോടതി നൂലാമാലകള്‍ അനായാസേനെ അഴിച്ച, കാതിരിപ്പിക്കാതെ, കാഴ്ച്ചവസ്തുവാക്കാതെ കരുതലോടെ നിന്ന പ്രിയ ഷീന..
ഒറ്റപ്പെട്ടുപോയൊരു കഷ്ടകാണ്ഡത്തില്‍ എന്റെ പരാതിപ്പെട്ടി അഴിച്ചിട്ട് ഞാന്‍ സ്വൈരം കേടുതിയിരുന്ന ബ്യൂല .. അങ്ങനെ അങ്ങനെ ഓരോരാളും ......
ഇവരെ ഒക്കെ ഓര്‍ക്കാന്‍ എനിക്ക് ഒരു ദിവസം വേണോ.
ഒരു വിരല്‍ഞൊടിയുടെ ഇടവേലയ്ക്കപ്പുറത്തു എല്ലാരും ഉണ്ട്.
ഒരു ഫോണ്‍വിളികൊണ്ട് കളന്കപ്പെടുതാന്‍ മനസനുവദിക്കാത്ത പുണ്യങ്ങള്‍....
എന്റെ ഉള്ളില്‍ നിങ്ങലെന്നപോലെ നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍, ഓര്‍മകളില്‍ ഞാനുണ്ടെന്നരിയാം.....

Saturday 18 October, 2008

ചില ദീപാവലി ഓർമ്മകൾ.

പണ്ടൊക്കെ ദീപാവലിയ്ക്ക് രണ്ടുമൂന്നു ദിവസം മുൻപേ അച്ഛൻ പടക്കം വാങ്ങിവരും. ഞങ്ങൾ കുറച്ച് പൊട്ടിച്ചിട്ട് ബാക്കി വച്ചിരിക്കും ദീപാവലിയ്ക്ക് പൊട്ടിക്കാൻ. അച്ഛൻ പടക്കം പൊട്ടിക്കില്ല. മാമന്മാരും, കൊച്ചച്ചന്മാരും, അമ്മയും ഒക്കെ ആണ് അതിന്റെ ആളുകൾ. കത്തിച്ചു വയ്ച്ച മെഴുകുതിരിയിൽ നിന്നോ ചിമ്മിനിയിൽ നിന്നോ പടക്കങ്ങൾ കത്തിച്ച് വലിച്ചെറിയും മിക്കവയും അന്തരീക്ഷത്തിൽ നിന്ന് തന്നെ പൊട്ടും. അതു കണ്ട് കണ്ട് എനിക്കും അതി ഭയങ്കരമായ ആഗ്രഹം അതു പോലെ ഒരു പടക്കം കത്തിക്കാൻ.
അന്ന് അച്ഛൻ പറഞ്ഞു.


“ ഈ പടക്കം യാതൊരു വകതിരിവും ഇല്ലാത്ത ഒരു സാധനമാ, ചിലപ്പോ അതു നമ്മുടെ കയ്യിലിരുന്നു തന്നെ പൊട്ടിക്കളയും. അതു പൊട്ടുന്ന കാണാൻ നല്ല രസമാണെങ്കിലും നമ്മുടെ കയ്യിലിരുന്നു പൊട്ടുമ്പോ അത്ര രസം കാണില്ല. മണ്ടന്മാരാണ് അതൊക്കെ ഇങ്ങനെ പൊട്ടിക്കുന്നത്. നമ്മൾ ബുധ്ദിയുള്ളവർ അതു ചെയ്യരുത്. നമുക്ക് ഈ മണ്ടന്മാരെ പ്രോത്സാഹിപ്പിക്കാം. അപ്പോ മണ്ടത്തരം കാണിക്കേം വേണ്ട പടക്കം പൊട്ടുന്ന കാണേം ചെയ്യാം.”. ബുദ്ധിമതിയായ മകൾ എന്ന നിലയിൽ ഞാൻ അതു അനുസരിച്ചു പോരുന്നു.

അന്നൊക്കെ പാതിരാത്രി വരെ പടക്കവും പൂക്കുറ്റിയും മത്താപ്പും ഒക്കെയായി അങ്ങനെ നല്ല രസമായിരുന്നു. പിറ്റേന്ന് രാവിലെ എണീറ്റ് അയലത്തെ വീടുകളിലൊക്കെ ഒരു റൌണ്ട്സ് ഉണ്ട്. അവിടുത്തെ മുറ്റത്തെ അവശിഷ്ടങ്ങൾ നോക്കി ഒന്നു വിലയിരുത്താ‍മല്ലോ ഇന്നലെ അവരെത്ര പടക്കം പൊട്ടിച്ചെന്ന്. നമ്മുടെ മുറ്റത്തുള്ളത് രാവിലെ തന്നെ തൂത്തുകൂമ്പാരമാക്കി ഇട്ടിരിക്കും. ഇതേ ഉദ്ദേശത്തോടെ ഇവിടെ വരുന്നവരുടെ മുൻപിൽ ആളാവണമല്ലോ.

“ഹോ ഇന്നലെ പടക്കം കേട്ട് കേട്ട് നമ്മള ചെവി പൊട്ടി അല്ലേടേ (അനിയത്തിയോട്). എത്ര പടക്കമായിരുന്നു. ഒരു പതിനായിരം പടക്കമെങ്കിലും പൊട്ടിച്ചു കാണും.“ ( എന്തൊരു സാറ്റിസ്ഫാക്ഷൻ. )

ഇടയ്ക്കൊരിക്കൽ ഒരു ദീപാവലിക്കാലത്ത് ഒത്തിരി അപകടങ്ങൾ ഉണ്ടായി പടക്കക്കടകളിലും നിർമ്മിക്കുന്നിടത്തും ഒക്കെ. പൂത്തിരിയിലും മത്താ‍പ്പിലും വരെ വെടി പൊട്ടി. അപ്രാവശ്യവും അതിനെ തുടർന്നു രണ്ടുമൂന്നുവർഷം അച്ഛൻ പടക്കം വാങ്ങിയില്ല. ഒൺലി പൊട്ടാസ്. അയലത്തൊക്കെ നല്ല ഡും ഡും പൊട്ടുമ്പോൾ ഞാനും അനിയത്തിയും കുറേ പൊട്ടാസുകൾ അടുക്കിവച്ച് ചുറ്റികയ്ക്ക് അടിച്ചു ഒരുവിധം പിടിച്ചു നിന്നു.


കൊച്ചച്ചന്മാരും മാമന്മരും ഒക്കെ കുടുംബസ്ഥരായപ്പോയപ്പോൾ പണ്ടേപ്പോലെ പടക്കം പൊട്ടിക്കാൻ ആളില്ലാ‍തായ്. ദീപാവലികൾ പണ്ടത്തെപ്പോലെ രസമില്ലാതായ്. മാത്രമല്ല പടക്കം പൊട്ടിക്കാതെ തന്നെ കൈപൊള്ളാൻ തുടങ്ങിക്കഴിഞ്ഞിരുന്നു അപ്പോഴേയ്കും അതോണ്ട് അച്ഛൻ ബഡ്ജറ്റും കുറച്ചു. മത്താപും പൂത്തിരീം ഒക്കെ മതി എന്നു ഞങ്ങൾ പറഞ്ഞാലും അച്ഛൻ കുറേ പടക്കങ്ങൾ കൂടി വാങ്ങി വന്നു. അങ്ങനെ ആ ബാധ്യത ഞങ്ങളിൽ വന്നു ചേർന്നു. അതിനു വഴിയുണ്ട്. ഒരു വലിയ കമ്പിന്റെ അറ്റത്തു ഒരു കുഞ്ഞു പന്തം പിടിപ്പിക്കുക, പടക്കം തിരി പുറത്തേയ്ക്ക് വരത്തക്ക വിധം മതിലിൽ വയ്ക്കുക.കമ്പിലെ പന്തം ഉപയോഗിച്ച് പടക്കം കത്തിക്കുക.
സംഗതി ക്ലീൻ. പക്ഷേ ഒരു ഇത് വരുന്നില്ല. രണ്ടുമൂന്നുപേർ തുരു തുരാ കത്തിയ്ക്കുന്ന പടക്കങ്ങൾ ഠപ്പേ, ഠപ്പേ എന്നു പൊട്ടുന്ന ഒരു സുഖമില്ല. ഞങ്ങൾ പൊട്ടിക്കുമ്പോ ഠപ്പേകൾ ക്കിടയിൽ വലിയ ഗ്യാപ്പ്.
അതിനു വഴി കണ്ടെത്തി. നാലെഞ്ചണ്ണത്തിന്റെ തിരികൾ ഒന്നിച്ചു കെട്ടി തീ കൊടുക്കുക. കൊള്ളാം സംഗതി ഏതാണ്ട് ഏൽക്കുന്നുണ്ട്.

അങ്ങനെ ഗ്രൂപ്പാക്കിയ ഒരു പടക്കം മതിലിൽ വയ്ച്ച് അതു കത്തിക്കാൻ, ശത്രുപാളയ്ത്തിലേയ്ക്ക് കുന്തവുമായി ഒളിച്ചു നീങ്ങുന്ന പോരാളിയേപ്പൊലെ ഞാൻ കമ്പിൽ കെട്ടിയ പന്തവുമായി പടക്കത്തെ സമീപിക്കേ...

ഠപ്പേ .. അയ്യോ.
ഠപ്പേ ഠപ്പേ അയ്യോ എന്റച്ഛോ.... ഠപ്പേ
ഠപ്പേ
മോളേ മോളേ .. ചേച്ചീ
ഇത്യാദി ശബ്ദങ്ങളാൽ അന്തരീക്ഷം അലങ്കോലമായി.

സിറ്റൌട്ടിൽ നിന്നും അച്ഛനും അനിയത്തീം ചാടിയിറങ്ങി നോക്കിയപ്പോൽ കുറച്ചു മാറി തെങ്ങിൻ ചോട്ടിൽ ഒരനക്കം ടോർച്ചടിച്ചു നോക്കിയപ്പോൽ മോൾ കിരീടധാരണം ഒക്കെ കഴിഞ്ഞപോലെ കയറി വരുന്നു.

അതേ ചെറിയ ഒരു ടെമിങ്ങിന്റെ പ്രശ്നമായിരുന്നു. ആദ്യം പൊട്ടിച്ച ഗ്രൂപ്പു പടക്കത്തിലെ മെമ്പേർസ് ഗ്രൂപ്പു കളിച്ചതായിരുന്നു. അതിലൊരാൾ മാത്രം പൊട്ടി ബാക്കി ഉള്ളവർ മുറ്റത്തു തെറിച്ചു വീനു. ഇതോർക്കാതെ അടുത്തസെറ്റ് പൊട്ടിക്കാൻ ഞാൻ പോകുമ്പോഴായിരുന്നു. നേരത്തേ പണിമുടക്കിയവർ കർമ്മനിതരായത്. പ്രാണൻ കയ്യില്പിടിച്ചോടിയപ്പോ തെങ്ങിഞ്ചോട്ടിൽ കമ്പോസ്റ്റ് കുഴിയാണെന്നു ഓർമ്മിച്ചില്ല.

പിന്നെ പയ്യന്നുരിൽ താമസിക്കുമ്പോഴാ, അവിടെ ദീപാവലിയ്ക്ക് അല്ല വിഷുവിനാണ് പടക്കം. ഒരു വിഷുവിൻ രണ്ടു നാൾ മുന്പേ എല്ലാരും നാട്ടിൽ പോയി. ഞങ്ങൾ മൂന്നാൾക്ക് മാത്രം ലീവ് കിട്ടിയില്ല പിറ്റേന്നേ പൊകാനാകൂ. അന്നു രാത്രി ആഘോഷിക്കാൻ തീരുമാനിച്ചു. ടൌണിൽ പോയി കുറേ മത്താപ്പും പൂത്തിരിയും ചക്രോം ഒക്കെ വാങ്ങിവന്നു. ഒക്കെ കത്തിച്ചു തീർന്നപ്പോൾ ഞങ്ങടെ കുക്ക് ഞാൻ സാവൂന്ന് വിളിക്കുന്ന സാവിത്രിയേച്ച്ചി പറഞ്ഞു ഇനി വിഷുക്കോടി കൂടി വാങ്ങിക്കോളീന്ന്ൻ. പിറ്റേന്ന് മലബാറു പിടിക്കുന്നതിനു മുൻപ് തേജസിൽ പോയി മൂന്നു സാരി കൂടി വാങ്ങി മടങ്ങി. അങ്ങനെ ആദ്യമായി വിഷുക്കോടി വാങ്ങി വന്ന ആ വിഷുവിനാണ് ഒരിക്കലും മറക്കാത്ത ഒരു വിഷുവാക്കി അച്ഛൻ ഞങ്ങളെ വിട്ടു പോയത്.

അച്ഛനില്ലാതായപ്പോൾ നിറം മങ്ങിപ്പോയ ഒത്തിരി ആഘോഷങ്ങളുടെ കൂടെ ഒന്നു കൂടി. അച്ഛനു കാണാനല്ലെങ്കിൽ പിന്നെന്തിന് എന്ന തോന്നലിൽ പിന്നെ ദീപാവലികൾ ആഘോഷിക്കാൻ തോന്നിയിട്ടില്ല. ഇപ്പോ ഈ പുതിയ താമസസ്ഥലത്ത് ഒന്നിച്ചു പടക്കങ്ങൾ വാങ്ങാൻ ഞങ്ങളുടെ പങ്കിന് റെസിഡൻസ് അസോസിയേഷൻകാർ വന്നിരുന്നു. കൊടുത്തിട്ടുണ്ട്.


എല്ലാർക്കും എന്റെ ദീപാവലി ആശംസകൾ

Sunday 21 September, 2008

തിരക്കഥ, ഒരു സാദാ കാഴ്ച

സിനിമയെ സ്നേഹിക്കുന്ന ഗൌരവത്തോടെ കാണുന്ന പ്രതിഭയുള്ള ഒരു കൂട്ടം ചെറുപ്പക്കാർ അവരുടെ ആദ്യ സിനിമ വിജയമായിരുന്നു. കൂട്ടത്തിൽ നേതാവ് സംവിധായകൻ അക്ബർ അഹമ്മദ്. അവർ അടുത്ത കഥയ്ക്കുള്ള അന്വേഷണത്തിലാണു. അതു ചെന്നെത്തുന്നത് ഇന്നത്തെ സൂപ്പർസ്റ്റാറിന്റെ, കാമുകിയും ഭാര്യയുമായിരുന്ന ഒരു പഴയകാല നായികയിലാണ്. പക്ഷേ ഇന്നവർ എവിടെയാണെന്നു പോലും ആർക്കും അറിയില്ല. ആ അന്വേഷണത്തിന്റെ ഒടുവിൽ മരണാസന്നയായ അവരെ കണ്ടെത്തുമ്പോൾ, അക്ബറിനും കൂട്ടർക്കും ഒരു കഥാപാത്രമെന്നതിനുപരി അവർ മറ്റെന്തൊക്കെയോ ആയി തീരുന്നു. അവരുടെ പരിചരണം സംഘം ഏറ്റെടുക്കുന്നു. ഇന്നത്തെ സൂപ്പർസ്റ്റാറായ പഴയ ഭർത്താവിനെ പിരിയേണ്ടി വന്നതിനു കാരണമായ ധാരണകൾ തെറ്റായിരുന്നു എന്ന തിരിച്ചറിവും പുനസമാഗമവും ഒക്കെയായി സിനിമ അവസാനിക്കുന്നു.

കൊള്ളാം, മാടമ്പിത്തരങ്ങളും പെഡിഗ്രി ബാധകളും ഒഴിഞ്ഞ ഒരു രെഞ്ജിത്ത് ചിത്രം. ചെറുതല്ലാത്ത ഒരു വേഷം അഭിനയിക്കുന്നുമുണ്ട് സംവിധായകൻ. നല്ലൊരു കഥ നന്നായി തന്നെ പറഞ്ഞിരിക്കുന്നു. എങ്കിലും എനിക്കു തോന്നിയ ചില കാര്യങ്ങൾ കൂടി പറഞ്ഞോട്ടെ.

പ്രിഥിരാജ് അഭിനയിക്കാൻ പഠിച്ചിരിക്കുന്നു. സുരേഷ് കൃഷ്ണ ആദ്യമായി ഒരു സിനിമയിൽ അഭിനയിച്ചു കണ്ടു. ഇതു വരെ കണ്ണും മുഖവും കൊണ്ടു കൊപ്രായം കാണിക്കുന്നതെ കണ്ടിട്ടുള്ളൂ.

ഒരു അനുഗ്രഹീത കലാകാരിയുടെ കഥയാണെന്നൊക്കെയാ കേട്ടത്. തുടക്കത്തിലേ തകർന്നു പോയൊരു ദാമ്പത്യവും, രോഗാതുരയായ അന്ത്യവുമല്ലാതെ വലിയ സാമ്യമൊന്നും എനിക്കു തോന്നിയില്ല.

ശ്രീവിദ്യാമ്മയുടെ ഫോട്ടോ ഒക്കെ വച്ച പോസ്റ്റർ കണ്ടപ്പോളേ തോന്നി ഇങ്ങനെ ഒരു കഥയാണെങ്കിൽ പിന്നെ ഇവരുടെ ആകാര സാമ്യവും, അഭിനയ പാടവും ഉള്ള നടികൾ നമുക്കുണ്ടല്ലോ പിന്നെ എന്തിനാ പ്രിയാമണി എന്നു. ഒരു പാട്ടു കണ്ടപ്പോൾ ആ സംശയം മാറി.
പാട്ടിന്റെ കാര്യം പറഞ്ഞപ്പോഴാ, ശരത്തിന്റെ സംഗതികൾ ഒന്നും സിനിമയ്ക്ക് ഗുണം ചെയ്തില്ല. പാലപ്പൂ എന്ന പാട്ടു മാത്രം മനസിൽ നിൽക്കുന്നുള്ളൂ. അതു തന്നെ കുറേ വട്ടം ചാനലിൽ കണ്ടതു കൊണ്ടാണെന്നു തോന്നുന്നു.

വിവാഹത്തിലെത്തിയ അതിതീവ്രമായ പ്രണയം അത്രയേറെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിച്ച, പരസ്പരം മനസിലാക്കുകയും വിട്ടുവീഴ്ചകൾക്ക് തയ്യാറാവുകയും ചെയ്ത ആ ദമ്പതികളെ വേർപിരിച്ച ആ രഹസ്യം ക്രൂരമായൊരു സത്യമാണെന്ന് വെളിപ്പെടുത്താനും മനസിലാക്കാനും മരണക്കിടക്ക വരെ കാത്തിരിക്കേണ്ടി വന്നു എന്നിടത്ത് തിരക്കഥ വെറും തിരക്കഥയായിപ്പോയി.

മനസിൽ തെളിഞ്ഞു നിൽക്കുന്നത്:

തെളിഞ്ഞ ആകാശത്തിന്റെ പശ്ചാത്തലത്തിൽ ചെമ്മൺ ക്വോറിയിൽ പ്രിഥിയും കൂട്ടരും നൃത്തം ചെയ്യുന്ന ഫ്രെയിമിന്റെ സൌന്ദര്യം.
അവസാന സീനിന്റെ തീവ്രത.
അനൂപിന്റെ ഭംഗിയുള്ള ചിരി.

Monday 19 May, 2008

നിഴലുകള്‍

ഒരു പുതിയ ബ്ലോഗ് ചില കഥാ പരീക്ഷണങ്ങള്‍ക്കായി.

അഗ്രഗേറ്ററുകള്‍ മുഖം തിരിച്ചതിനാല്‍ ഇവിടെ ചേര്‍ക്കുന്നു.

http://kathayidam.blogspot.com/

Monday 24 March, 2008

അന്നൊരു വെള്ളിയാഴ്ചയായിരുന്നു


അന്നൊരു വെള്ളിയാഴ്ചയായിരുന്നു.ഒരു ശമ്പള ദിനവും. അക്കൌണ്ടിലെ അഞ്ചക്കം എങ്ങനെ നാലിലേയ്ക്കും മൂന്നിലേയ്ക്കും മാറ്റാം എന്നുള്ള കൂലങ്കഷമായ ചിന്തകളും, എജ്യൂക്കേഷന്‍ ലോണിന്റെ ഭാരം അത്രകൂടി കുറഞ്ഞല്ലോ എന്നുള്ള ആശ്വാസ ചിന്തകളും ഒക്കെ ഏറ്റക്കുറച്ചിലോടേ ചുറ്റിത്തിരിയുന്ന ഒരു ദിവസം. എന്തോ അന്ന് ഓഫീസില്‍ ഒരു മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു കാരണം ആര്‍ക്കുമൊട്ടറിയില്ല താനും. റ്റീ ബ്രേയ്ക്ക് കഴിഞ്ഞു വന്നപ്പോള്‍ ഒരാളെ ഹെഡിന്റെ ക്യാബിനിലേക്ക് വിളിപ്പിച്ചു , എന്തേലും വര്‍ക്കിന്റെ കാര്യം പറയാനായിരിക്കും. പത്തു പതിനഞ്ചു മിനിട്ടിനുശേഷം പുറത്തിറങ്ങിയ ആളിന്റെ മുഖം കണ്ടപ്പോള്‍ മനസിലായി കാര്യം പന്തിയല്ല. അടുത്തയാള്‍ അകത്തേയ്ക്കു പോയി. എല്ലാവരും കാര്യമറിയാതെ പരസ്പരം നോക്കിയിരിക്കുകയാണ്।അതാ മൂന്നാമത്തെ ആളും കാബിനിലേയ്ക്ക് കയറിപ്പോയ്. ചില മര്‍മ്മറിങ്സ് കാര്യം വ്യക്തമാക്കി ‘ടെര്‍മിനേഷന്‍’ എല്ലാ ചങ്കുകളും ഒന്നു പിടഞ്ഞു. എല്ലാ കണ്ണുകളും അവനവന്റെ മുന്നിലെ സ്ക്രീനിലാണ് പക്ഷെ എല്ലാരും കാണുന്നത് ഹെഡിന്റെ ക്യാബിന്റെ ഡോറാണ്. കിടുക്കള്‍ കൂസ്സാതെ പണിയുന്നു. അര കിടുക്കള്‍ നേരിയ കിടുകിടുപ്പോടെ വന്‍പിച്ച പണി എന്ന മട്ടില്‍ ഇതു വരെ ഉള്ള സ്വന്തം പെര്‍ഫോമന്‍സ് ഒന്നു രീവൈന്ഡ് ചെയ്തും റിലേറ്റഡ് ഡിപ്പാര്‍ട്ടുമെന്റെ ദൈവങ്ങളെ വിളിച്ചും ഇരിക്കുന്നു. ഇതില്‍ രണ്ടിലും പെടാത്തവര്‍ അതെനിക്ക് വിവരിക്കാന്‍ കഴിയില്ല സുഹ്രുത്തുക്കളെ, എനിക്കൊരു ഹ്ര്ദയം ഉണ്ടെന്നും അതു മിനിട്ടില്‍ 168 പ്രാവശ്യം ഇടിക്കുന്നതാണെന്നും, 17 ഡിഗ്രി സെന്റിഗ്രേഡിലും ഹ്യൂമന്‍ ബീയിങ്സിനു വിയര്‍ക്കാന്‍ പറ്റുമെന്നും, സദാ 550 രെയ്ഞ്ചില്‍ വിഹരിക്കുന്ന എന്റെ സ്വനഗ്രാഹികള്‍ 20 ലും വര്‍ക്കുചെയ്യാന്‍ കഴിയുന്നവയാണെന്നുമുള്ള മഹാ സത്യങ്ങള്‍ ഞാന്‍ മനസിലാക്കിയതന്നാണ്. അകത്തു പോയ ആള്‍ പുറത്തിറങ്ങി. ഉറനെ ആരെയും വിളിച്ചില്ല. അകത്ത് ഹെഡും ടി എല്ലും ഡിസ്കഷനിലാണ്। ലേബര്‍ റൂമിനു പുറത്തിരിക്കുന്ന ഭര്‍ത്താക്കന്‍ മാരെപ്പോലെ ഇരിക്കയാണു എല്ലാരും. അതാ വരുന്നു അടുത്തകോള്‍ അതു ‘വിനോദിനാണ്’ ।എല്ലാരും ഒന്നു ഞെട്ടി, ഒരരകിടുവും എല്ലാരുടെയും കണ്ണിലുണ്ണിയുമായ നമ്മുറ്റെ സ്വന്തം വിനോദ്. പക്ഷേ വിനോദ് ഞെട്ടിയില്ല കാരണം ഞെട്ടാന്‍ മാത്രം ശക്തി അവശേഷിച്ചിരുന്നില്ല. തൂക്കുമരത്തിലേയ്ക്ക് പോകുന്നവനെപ്പോലെ ആ പാവം പയ്യന്‍ ഹെഡിന്റെ ക്യാബിനിലേയ്ക്ക്. തക്കാളി പോലിരുന്ന മുഖമിപ്പോള്‍ ബോണ്ടു പേപ്പര്‍ പോലായി. കുതിരക്കുട്ടിയെപ്പോലെ തുള്ളിച്ചാടി നടന്നവനാ കണ്ടില്ലേ ചിക്കന്‍ ഗുനിയ പിടിച്ചപോലാ കേറിപ്പോയത്.
ഏല്ലാവരും ശ്വാസമടക്കിയിരുന്നു.
ഹെഡ് ആംഗലമുത്തുകളെ സാധാരണ പൊഴിക്കാറുള്ളൂ.
സൈഡ് ഗ്ലാസ്സിലൂടെ എനിക്ക് വിനോദിന്റെ മുഖം കാണാം
ഒരു തംശേഅം മനുവിനോട് ചോദിക്കാം
അതെ, ഹെഡ് ഇതൊക്കെ ഇഗ്ലീഷിലാണോ അതോ മലയാളത്തിലാണോ പറേന്നത്.
സാധാരണ ഇംഗ്ലീഷാ.
അല്ല വിനോദ് ചറ പറാ‍ മറുപടി പറയുന്നു
എന്നാ മലയാളത്തിലാ
അതാ വരുന്നു വിനോദ് നിറഞ്ഞ ചിരിയോടെ അത്യാഹ്ലാദത്തോടെ,
കര്‍ത്താവെ ചെക്കന്റെ കല്ലിളകിയെന്നാ തോന്നുന്നത്। അല്ലേലും ഇപ്പോഴത്തെ പിള്ളാരിങ്ങനാ ഒന്നിനും ഒരു മനോബലമില്ല. എങ്കിലും ഈ കൊച്ചനിതു വന്നല്ലോ.

അകത്തു നടന്നത് :

ഹല്ലോ വിനോദ് ഇരിക്കൂ
ഇരുന്നു
ആ ഇരിപ്പുകണ്ടപ്പോള്‍ ആ സീറ്റില്‍ കുഷ്യനു പകരം ചക്കമടലാണോ എന്നു സംശയിക്കും.
വൊര്‍ക്ക് ഒക്കെ എങ്ങനെ പോകുന്നു.
ബാക്കി ഉണ്ടായിരുന്ന അല്പ ശ്വാസവും ഏതണ്ട് നിന്നു പോയി.
പുര നിറഞ്ഞ് നില്‍ക്കുന്ന് താന്‍,ഇനിയും അടവു തീരാത്ത കാര്‍, തവണ അടപ്പിക്കാന്‍ കാത്തു നില്‍ക്കുന്ന ബാങ്കിന്റെ സ്റ്റാഫ്(?), അവന്റെ ആരോഗ്യം, റ്റീ ബ്രേയ്ക്കിനു പോകുമ്പോള്‍ കിട്ടാറുള്ള ഒരു പാലാച്ചിരി.അങ്ങനെ ഒരു കൂട്ടം കാര്യങ്ങള്‍ അപ്പോ ആ മനസിലൂടെ കടന്നു പോയി.
ഹെഡ് ഒന്നും മിണ്ടുന്നില്ല പുള്ളി എന്തോ തിരയുന്നു.
അയ്യോ അങ്ങേരതാ ഒരു ലെറ്റര്‍ കൈയ്യിലെടുത്തു.
എന്തൊക്കയോ പറയുന്നു. വര്‍ക്ക്,ക്വാളിറ്റി, ട്രസ്റ്റ് എന്നൊക്കെ ചില വാക്കുകള്‍ മാത്രമെ കേട്ടുള്ളൂ.
അവസാനം ഒരു കണ്‍ഗ്രാട്സും.
ഓ ഇനി കിട്ടാനുള്ള ജോലിക്കാകും.
അല്ലല്ലോ ഹെഡ് വേറെന്തോക്കയോ ആണല്ലോ പറയുന്നത്.
അയ്യോ ഇതു അതായിരുന്നോ
മഹാപാപീ ഇതും ഇപ്പോ തന്നെ വേണായിരുന്നോ. മനുഷനേ ടെന്‍ഷന്‍ അടിപ്പിച്ചു കൊല്ലാന്‍(മനസിലാണേ)അതു പുറത്തു വന്നതിങ്ങനാ
തേങ്ക്യൂ സര്‍
അതിന്റെ ആദ്യവും അവസാനനും കാറ്റായ്പ്പോയതിനാല്‍ യൂ എന്നോ മറ്റോ ആണ് എച്ചോ കേട്ടത്.
‘യെസ് ആം ?’
‘നത്തിംഗ് സര്‍’.
വിനോദ് സീറ്റിലിരുന്നു. മനു 60 ഡിഗ്രി ചാഞ്ഞ് കാര്യം മനസിലാക്കി. ഞാനും ചാഞ്ഞു മനുവിന്റെടുക്കലേയ്ക്ക്.
അതേ വിനോദിന്റെ കണ്‍ഫര്‍മേഷന്‍ ലെറ്റര്‍ ഇതേ വരെ കൊടുത്തില്ലാരുന്നു അതാ.
കുറേ നേരം കഴിഞ്ഞു വിനോദ് വീണ്ടും അതെടുത്ത് നോക്കുന്ന കണ്ട് ഞാന്‍ ചോദ്യരൂപേണ മനുവിനെ നോക്കി.

അല്ല പുള്ളി ഉദ്ദേശിക്കുന്നതു തന്നെയാണോ അതിലേഴുതിയേക്കുന്നതെന്നു നോക്കിയതാ.
ഓഹോ....

Wednesday 12 March, 2008

തിരോന്തരം ബ്ലോഗേഴ്സ് മീറ്റ്

കഴിഞ്ഞ പ്രാവശ്യം അഗ്രഗേറ്ററുകള്‍ തഴഞ്ഞു.

അതോണ്ട് ഇതിവിടെ കൊടുക്കുന്നു.
ബ്ലോഗേഴ്സ് മീറ്റ്