Saturday 18 October, 2008

ചില ദീപാവലി ഓർമ്മകൾ.

പണ്ടൊക്കെ ദീപാവലിയ്ക്ക് രണ്ടുമൂന്നു ദിവസം മുൻപേ അച്ഛൻ പടക്കം വാങ്ങിവരും. ഞങ്ങൾ കുറച്ച് പൊട്ടിച്ചിട്ട് ബാക്കി വച്ചിരിക്കും ദീപാവലിയ്ക്ക് പൊട്ടിക്കാൻ. അച്ഛൻ പടക്കം പൊട്ടിക്കില്ല. മാമന്മാരും, കൊച്ചച്ചന്മാരും, അമ്മയും ഒക്കെ ആണ് അതിന്റെ ആളുകൾ. കത്തിച്ചു വയ്ച്ച മെഴുകുതിരിയിൽ നിന്നോ ചിമ്മിനിയിൽ നിന്നോ പടക്കങ്ങൾ കത്തിച്ച് വലിച്ചെറിയും മിക്കവയും അന്തരീക്ഷത്തിൽ നിന്ന് തന്നെ പൊട്ടും. അതു കണ്ട് കണ്ട് എനിക്കും അതി ഭയങ്കരമായ ആഗ്രഹം അതു പോലെ ഒരു പടക്കം കത്തിക്കാൻ.
അന്ന് അച്ഛൻ പറഞ്ഞു.


“ ഈ പടക്കം യാതൊരു വകതിരിവും ഇല്ലാത്ത ഒരു സാധനമാ, ചിലപ്പോ അതു നമ്മുടെ കയ്യിലിരുന്നു തന്നെ പൊട്ടിക്കളയും. അതു പൊട്ടുന്ന കാണാൻ നല്ല രസമാണെങ്കിലും നമ്മുടെ കയ്യിലിരുന്നു പൊട്ടുമ്പോ അത്ര രസം കാണില്ല. മണ്ടന്മാരാണ് അതൊക്കെ ഇങ്ങനെ പൊട്ടിക്കുന്നത്. നമ്മൾ ബുധ്ദിയുള്ളവർ അതു ചെയ്യരുത്. നമുക്ക് ഈ മണ്ടന്മാരെ പ്രോത്സാഹിപ്പിക്കാം. അപ്പോ മണ്ടത്തരം കാണിക്കേം വേണ്ട പടക്കം പൊട്ടുന്ന കാണേം ചെയ്യാം.”. ബുദ്ധിമതിയായ മകൾ എന്ന നിലയിൽ ഞാൻ അതു അനുസരിച്ചു പോരുന്നു.

അന്നൊക്കെ പാതിരാത്രി വരെ പടക്കവും പൂക്കുറ്റിയും മത്താപ്പും ഒക്കെയായി അങ്ങനെ നല്ല രസമായിരുന്നു. പിറ്റേന്ന് രാവിലെ എണീറ്റ് അയലത്തെ വീടുകളിലൊക്കെ ഒരു റൌണ്ട്സ് ഉണ്ട്. അവിടുത്തെ മുറ്റത്തെ അവശിഷ്ടങ്ങൾ നോക്കി ഒന്നു വിലയിരുത്താ‍മല്ലോ ഇന്നലെ അവരെത്ര പടക്കം പൊട്ടിച്ചെന്ന്. നമ്മുടെ മുറ്റത്തുള്ളത് രാവിലെ തന്നെ തൂത്തുകൂമ്പാരമാക്കി ഇട്ടിരിക്കും. ഇതേ ഉദ്ദേശത്തോടെ ഇവിടെ വരുന്നവരുടെ മുൻപിൽ ആളാവണമല്ലോ.

“ഹോ ഇന്നലെ പടക്കം കേട്ട് കേട്ട് നമ്മള ചെവി പൊട്ടി അല്ലേടേ (അനിയത്തിയോട്). എത്ര പടക്കമായിരുന്നു. ഒരു പതിനായിരം പടക്കമെങ്കിലും പൊട്ടിച്ചു കാണും.“ ( എന്തൊരു സാറ്റിസ്ഫാക്ഷൻ. )

ഇടയ്ക്കൊരിക്കൽ ഒരു ദീപാവലിക്കാലത്ത് ഒത്തിരി അപകടങ്ങൾ ഉണ്ടായി പടക്കക്കടകളിലും നിർമ്മിക്കുന്നിടത്തും ഒക്കെ. പൂത്തിരിയിലും മത്താ‍പ്പിലും വരെ വെടി പൊട്ടി. അപ്രാവശ്യവും അതിനെ തുടർന്നു രണ്ടുമൂന്നുവർഷം അച്ഛൻ പടക്കം വാങ്ങിയില്ല. ഒൺലി പൊട്ടാസ്. അയലത്തൊക്കെ നല്ല ഡും ഡും പൊട്ടുമ്പോൾ ഞാനും അനിയത്തിയും കുറേ പൊട്ടാസുകൾ അടുക്കിവച്ച് ചുറ്റികയ്ക്ക് അടിച്ചു ഒരുവിധം പിടിച്ചു നിന്നു.


കൊച്ചച്ചന്മാരും മാമന്മരും ഒക്കെ കുടുംബസ്ഥരായപ്പോയപ്പോൾ പണ്ടേപ്പോലെ പടക്കം പൊട്ടിക്കാൻ ആളില്ലാ‍തായ്. ദീപാവലികൾ പണ്ടത്തെപ്പോലെ രസമില്ലാതായ്. മാത്രമല്ല പടക്കം പൊട്ടിക്കാതെ തന്നെ കൈപൊള്ളാൻ തുടങ്ങിക്കഴിഞ്ഞിരുന്നു അപ്പോഴേയ്കും അതോണ്ട് അച്ഛൻ ബഡ്ജറ്റും കുറച്ചു. മത്താപും പൂത്തിരീം ഒക്കെ മതി എന്നു ഞങ്ങൾ പറഞ്ഞാലും അച്ഛൻ കുറേ പടക്കങ്ങൾ കൂടി വാങ്ങി വന്നു. അങ്ങനെ ആ ബാധ്യത ഞങ്ങളിൽ വന്നു ചേർന്നു. അതിനു വഴിയുണ്ട്. ഒരു വലിയ കമ്പിന്റെ അറ്റത്തു ഒരു കുഞ്ഞു പന്തം പിടിപ്പിക്കുക, പടക്കം തിരി പുറത്തേയ്ക്ക് വരത്തക്ക വിധം മതിലിൽ വയ്ക്കുക.കമ്പിലെ പന്തം ഉപയോഗിച്ച് പടക്കം കത്തിക്കുക.
സംഗതി ക്ലീൻ. പക്ഷേ ഒരു ഇത് വരുന്നില്ല. രണ്ടുമൂന്നുപേർ തുരു തുരാ കത്തിയ്ക്കുന്ന പടക്കങ്ങൾ ഠപ്പേ, ഠപ്പേ എന്നു പൊട്ടുന്ന ഒരു സുഖമില്ല. ഞങ്ങൾ പൊട്ടിക്കുമ്പോ ഠപ്പേകൾ ക്കിടയിൽ വലിയ ഗ്യാപ്പ്.
അതിനു വഴി കണ്ടെത്തി. നാലെഞ്ചണ്ണത്തിന്റെ തിരികൾ ഒന്നിച്ചു കെട്ടി തീ കൊടുക്കുക. കൊള്ളാം സംഗതി ഏതാണ്ട് ഏൽക്കുന്നുണ്ട്.

അങ്ങനെ ഗ്രൂപ്പാക്കിയ ഒരു പടക്കം മതിലിൽ വയ്ച്ച് അതു കത്തിക്കാൻ, ശത്രുപാളയ്ത്തിലേയ്ക്ക് കുന്തവുമായി ഒളിച്ചു നീങ്ങുന്ന പോരാളിയേപ്പൊലെ ഞാൻ കമ്പിൽ കെട്ടിയ പന്തവുമായി പടക്കത്തെ സമീപിക്കേ...

ഠപ്പേ .. അയ്യോ.
ഠപ്പേ ഠപ്പേ അയ്യോ എന്റച്ഛോ.... ഠപ്പേ
ഠപ്പേ
മോളേ മോളേ .. ചേച്ചീ
ഇത്യാദി ശബ്ദങ്ങളാൽ അന്തരീക്ഷം അലങ്കോലമായി.

സിറ്റൌട്ടിൽ നിന്നും അച്ഛനും അനിയത്തീം ചാടിയിറങ്ങി നോക്കിയപ്പോൽ കുറച്ചു മാറി തെങ്ങിൻ ചോട്ടിൽ ഒരനക്കം ടോർച്ചടിച്ചു നോക്കിയപ്പോൽ മോൾ കിരീടധാരണം ഒക്കെ കഴിഞ്ഞപോലെ കയറി വരുന്നു.

അതേ ചെറിയ ഒരു ടെമിങ്ങിന്റെ പ്രശ്നമായിരുന്നു. ആദ്യം പൊട്ടിച്ച ഗ്രൂപ്പു പടക്കത്തിലെ മെമ്പേർസ് ഗ്രൂപ്പു കളിച്ചതായിരുന്നു. അതിലൊരാൾ മാത്രം പൊട്ടി ബാക്കി ഉള്ളവർ മുറ്റത്തു തെറിച്ചു വീനു. ഇതോർക്കാതെ അടുത്തസെറ്റ് പൊട്ടിക്കാൻ ഞാൻ പോകുമ്പോഴായിരുന്നു. നേരത്തേ പണിമുടക്കിയവർ കർമ്മനിതരായത്. പ്രാണൻ കയ്യില്പിടിച്ചോടിയപ്പോ തെങ്ങിഞ്ചോട്ടിൽ കമ്പോസ്റ്റ് കുഴിയാണെന്നു ഓർമ്മിച്ചില്ല.

പിന്നെ പയ്യന്നുരിൽ താമസിക്കുമ്പോഴാ, അവിടെ ദീപാവലിയ്ക്ക് അല്ല വിഷുവിനാണ് പടക്കം. ഒരു വിഷുവിൻ രണ്ടു നാൾ മുന്പേ എല്ലാരും നാട്ടിൽ പോയി. ഞങ്ങൾ മൂന്നാൾക്ക് മാത്രം ലീവ് കിട്ടിയില്ല പിറ്റേന്നേ പൊകാനാകൂ. അന്നു രാത്രി ആഘോഷിക്കാൻ തീരുമാനിച്ചു. ടൌണിൽ പോയി കുറേ മത്താപ്പും പൂത്തിരിയും ചക്രോം ഒക്കെ വാങ്ങിവന്നു. ഒക്കെ കത്തിച്ചു തീർന്നപ്പോൾ ഞങ്ങടെ കുക്ക് ഞാൻ സാവൂന്ന് വിളിക്കുന്ന സാവിത്രിയേച്ച്ചി പറഞ്ഞു ഇനി വിഷുക്കോടി കൂടി വാങ്ങിക്കോളീന്ന്ൻ. പിറ്റേന്ന് മലബാറു പിടിക്കുന്നതിനു മുൻപ് തേജസിൽ പോയി മൂന്നു സാരി കൂടി വാങ്ങി മടങ്ങി. അങ്ങനെ ആദ്യമായി വിഷുക്കോടി വാങ്ങി വന്ന ആ വിഷുവിനാണ് ഒരിക്കലും മറക്കാത്ത ഒരു വിഷുവാക്കി അച്ഛൻ ഞങ്ങളെ വിട്ടു പോയത്.

അച്ഛനില്ലാതായപ്പോൾ നിറം മങ്ങിപ്പോയ ഒത്തിരി ആഘോഷങ്ങളുടെ കൂടെ ഒന്നു കൂടി. അച്ഛനു കാണാനല്ലെങ്കിൽ പിന്നെന്തിന് എന്ന തോന്നലിൽ പിന്നെ ദീപാവലികൾ ആഘോഷിക്കാൻ തോന്നിയിട്ടില്ല. ഇപ്പോ ഈ പുതിയ താമസസ്ഥലത്ത് ഒന്നിച്ചു പടക്കങ്ങൾ വാങ്ങാൻ ഞങ്ങളുടെ പങ്കിന് റെസിഡൻസ് അസോസിയേഷൻകാർ വന്നിരുന്നു. കൊടുത്തിട്ടുണ്ട്.


എല്ലാർക്കും എന്റെ ദീപാവലി ആശംസകൾ