Saturday 1 December, 2007

ജാം ജാം ട്രാഫിക്ക് ജാം.

റോഡ് മുറിച്ചു കടക്കുമ്പോള്‍ റോഡിനിരുവശവും നോക്കി വാഹനങ്ങളൊന്നും വരുന്നില്ലെന്നുറപ്പു .റോഡിന്റെ വലതുവശം ചേര്‍ന്നു നടക്കുക എന്നൊക്കെ സുശീല ടീച്ചറു പടിപ്പിച്ചിട്ട് കൊല്ലം പത്തിരുപതായെങ്കിലും ഈ മുറിച്ചു കടക്കല്‍ ഇന്നും എനിക്കൊരു കീറാമുട്ടി തന്നെയാണു. ഇരുവശത്തേയ്ക്കും നോട്ടമൊക്കെ ഉണ്ട് പക്ഷേ ഉറപ്പുവരുത്താന്‍ മറന്നു പോകും. അതേ ഇന്നാളൊരുത്തന്‍ ചോദിക്കുവാ എന്റെ മുന്നില്‍ തന്നെ ചാടാനാണൊ ഇത്ര ശ്രദ്ധിച്ച് നോക്കിയതെന്ന്. വാചകങ്ങളൊന്നും ഇതല്ല കേട്ടോ പക്ഷേ അതിന്റെ സംഗ്രഹം അതായിരുന്നു.


അല്ലേത്തന്നെ നൂറു കൂട്ടം പ്രശ്നങ്ങളാ എനിക്കാണെ ഈ റോഡും, ടാറും, ഗട്ടറും ഒക്കെ കാണുമ്പോഴാ പല ഐഡിയകളും വരുന്നെ. വേറെവിടിരുന്നാലോചിച്ചാലും പുകയുതിര്‍ക്കുന്ന പ്രോബ്ലംസ് ഒക്കെ റോഡിലെത്തിയാല്‍ ടക് ടകെന്നല്ലെ സോള്‍വാകുന്നെ. ഒരീസം ഓഫീസീന്നെറങ്ങിയപ്പോല്‍ ഒരു ചാറ്റല്‍മഴ അമാന്തിച്ചില്ല “ആലിപ്പഴം പെറുക്കാന്‍ പോപ്പിക്കുട നിവര്‍ത്തി” പ്രോബ്ലംസ് സോള്‍വു ചെയ്തു ചെയ്തു നടന്നു ഇടയ്ക്കൊന്നു ഫ്രീയായപ്പൊ , അതേ ആള്‍ക്കാരൊക്കെ നമ്മളെത്തന്നെ നോക്കുന്നു. ഇതെന്താണപ്പാ പെയ്തത് വല്ല കളറു മഴയുമാണൊ, കളറെങ്ങാന്‍ മാറിയോ എന്നോക്കെ ഓര്‍ത്ത് ചുറ്റുപാടൊക്കെ ഒന്ന് ഒബ് സെര്‍വു ചെയ്തപ്പോഴല്ലേ. മഴ തോര്‍ന്നു, തോര്‍ന്നു എന്നല്ല ആ ഏരിയായില്‍ അടുത്തിടെയെങ്ങും മഴയേ പെയ്ത ലക്ഷണമില്ല. ഈ മൂവന്തിയ്ക്ക് കൊടേം ചൂടി ഇതാരടാപ്പാന്നാ നാട്ടാരു നോക്കണെ. ഈ ആളോളുടെ കാര്യേ അവനോന്റെ കാര്യം നോക്കിയാപ്പോരേ. ഒരൂസം രാവിലെ ഈ സ്റ്റേജും കഴിഞ്ഞു കേട്ടോ. കൊടേംചൂടി ഓഫീസിനകത്ത്, സ്റ്റെപ് കയറിയപ്പോള്‍ ഒരു സഹന്‍ എതിരെ വരുന്നു. അവന്റെ ആക്കിയ ഇളി കണ്ടിട്ടും മനസിലാകാതെ നോം മുന്നോട്ടു തന്നെ ഹലോ എന്താടെ അകത്തു ചോര്‍ച്ചയുണ്ടോ എന്നു ചോദിച്ചപ്പഴാ വിര്‍ച്ച്വല്‍ വേള്‍ഡില്‍ നിന്നും പുറത്തിറങ്ങിയതു. നിന്നോടും കെഞ്ചേണ്ടി വന്നല്ലോ എന്ന ബാബു ആന്റണിയുടെ വൈശാലിയിലെ ഡയലോഗ് മനസില്‍ പറഞ്ഞിട്ട് അവനോടു പറഞ്ഞു പ്ലീസ് ആരോടും പറയല്ലേ. ഇല്ലെന്നുറപ്പും കിട്ടിയതാ സാമദ്രോഹി വാക്കു തെറ്റിച്ചു.

ഇതൊക്കെ കാരണം റോഡിലെ ടു, ഫോര്‍ വീലുകാരൊക്കെ മിക്കവാറും എന്നെ അഭിവാദ്യം ചെയ്തേ പോകാറുള്ളൂ. (ഈ ഭരണിപ്പാട്ട് കൊടുങ്ങല്ലൂരു മാത്രം ഉള്ള ഏര്‍പ്പാടല്ല അല്ലേ) പലതിന്റേം അവസാന ഭാഗം മാത്രമെ ഞാന്‍ കേള്‍ക്കാറുള്ളൂ. വായു ഗുളികയ്ക്ക് പോകുന്നവന്‍ അതേ സ്പീഡില്‍ തന്നെയും അതില്‍ താഴെ ആവശ്യമുള്ളവര്‍ വണ്ടി ഒന്നു സ്ലോ ചെയ്തും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കും. എന്റെ അഭിപ്രായത്തില്‍ ഈ ഹെല്‍മറ്റ് നിര്‍ബന്ധമാക്കണം നാലുവീലിനുള്‍പ്പെടെ അതിരിക്കുമ്പൊ അധികം അലയ്ക്കില്ലല്ലോ അറ്റ്ലീസ്റ്റ് പറയുന്നത് അഡികം പുറത്തു കേള്‍ക്കില്ലല്ലോ. അല്ലേലും ഈ വണ്ടീപ്പോകുന്നവ(ന്മാ)ര്‍ക്കൊക്കെ വലിയ മൂച്ചാ. ആനപ്പൊറത്തിരിക്കുന്നവന്‍ പേടിക്കണ്ടന്നല്ലേ. ചില ചേട്ടന്മാര്‍ വണ്ടി നിര്‍ത്തി ഗ്ലാസ്സൊക്കെ താഴ്ത്തി വേണ്ടത്ര സമയമെടുത്താ പരിചയപ്പെടല്‍. ദൈവത്തിന്റെ ഒരു കൈപ്പിഴ എന്നു കരുതി പോകുന്ന മഹാമനസ്കരും ഉണ്ട് കേട്ടോ.

ഒരു ദിവസം, അതീവ ഗുരുതരമായ പല പ്രശ്നങ്ങളുമായി മസ്തിഷ്ക മല്‍പ്പിടുത്തം നടത്തി സ്റ്റാച്യൂവിലൂടെ വരുകയാണു. പുന്നല്‍ റോഡിലേയ്ക്കാ പോകേണ്ടത്.
വൌ.... കോരിത്തരിച്ചുപോയ്. എന്റെ എക്കാലത്തെയും പ്രൊബ്ലം സ്പോട്ടായ ഏജീസാഫീസിനു മുന്‍പിലെ T ജംഷന്‍ ക്ലിക്ലീനായി കിടക്കുന്നൂ‍. ആ മനോഹരികളാ‍യ സീബ്രാ വരകളെന്നെ മാടി വിളിക്കുന്നു. കിട്ടിയ അസുലഭാ‍വസരം പാഴാക്കിയില്ല സീബ്രകളെ മൈന്‍ഡാതെ ഞാന്‍ കിട്ടിയ ലാക്കില്‍ ഒറ്റപ്പാച്ചില്‍ നേരെ ട്രാഫിക്ക് കുടയ്ക്കരികില്‍ ബ്രേയ്ക്കിട്ടു. ഇനി 45 ഡിഗ്രി തിരിഞ്ഞു ഇതുപോലെ മൂവായാല്‍ ഒരു L ക്രോസ്സിങ് ഒഴിവാക്കാം. അപ്പോള്‍ സെക്രട്ടറിയേറ്റിനും ഏജീസിനും ഇടയ്ക്കുള്ള റോഡിലൂടെ ഒരു പോലീസ് ജീപ്പു വന്നു യൂണിവേഴ്സിറ്റി ഭാഗത്തെയ്ക് പോയി. ഈ റോഡാണു എനിക്ക് ക്രോസ്സു ചെയ്യേണ്ടത്. ഞാന്‍ അടുത്ത മൂവിനുള്ള ഗിയറിട്ടതും സെക്രട്ടറിയേറ്റ് ഗേറ്റിലെ മാവില്‍ചോട്ടില്‍ ഇരിക്കാറുള്ള പോലീസേട്ടന്മാരിലൊരാള്‍ എന്റെ മുന്നിലേയ്ക്ക് ഒറ്റചാട്ടം. മൂപ്പരു കബഡികളിക്കാന്‍ നില്‍ക്കുന്നപോലെ അങ്ങനെ നില്‍ക്കുവാ എന്റെ മുന്‍പില്‍. ഇതെന്ത് കൂത്താ സ്വസ്തമായി റോഡു ക്രോസ്സു ചെയ്യനൊരവസരം കിട്ടിയതാ ഇതിങ്ങേരു നാശമാക്കുമോ, അതൊ പുത്തരികണ്ടം പോലെ കിടക്കുന്ന റോഡു കണ്ടിട്ട് ആശാനു പഴയ ഓര്‍മ്മകള്‍ വന്നു കബഡികളിക്കാന്‍ തുടങ്ങുവാണൊ എന്നൊക്കെ ചിന്തിക്കുന്ന റ്റൈമില്‍ നേര്‍ത്തേ ജീപ്പു പോയ വഴിയെ വേറൊരു വണ്ടിയും പിന്നാലെ ഒരു വെള്ള അംബാസിഡറും വന്നു, ഞാന്‍ പോലീസേട്ടന്റെ തോളിനു മുകളിലൂടെ കാറിന്റെ പിന്‍സീടിലിരിക്കുന്ന ആളെ കണ്ടു.

ഔര്‍ ഓണറബിള്‍ ചീഫ് മിനിസ്റ്റര്‍ അതേന്നേ നമ്മുടെ അച്ചുമ്മാന്‍।

കര്‍ത്താവേ മന്ത്രിയ്ക്ക് പോകാന്‍ ക്ലിയര്‍ ചെയ്ത് റോഡിലേയ്ക്കാ ഞാന്‍ വട്ടം ചാടിയത്. ഭാഗ്യം വേറെ കുഴപ്പമൊന്നുമുണ്ടായില്ല. ഞാന്‍ എന്റെ ടാര്‍ജറ്റിലേയ്ക്ക് പാഞ്ഞു. പോലീസേട്ടന്മാര്‍ അഭിവാദനങ്ങള്‍ അര്‍പ്പിക്കുന്നുണ്ട്, സോറീ തല്‍ക്കാലം സ്വീകരിക്കാന്‍ നിവര്‍ത്തിയില്ല ഞാനല്‍പ്പം ബിസിയാ.

Friday 30 November, 2007

ഇക്രുവിന്റെ വിശേഷങ്ങള്‍

ഇക്രു പാവമാനു, നിഷ്കുവാണു, ഒരമുല്‍ബേബിയാണു,ക്ലീന്‍ഷേവാണു, ഫീലിങ്സ് കുട്ടനാണു തരം കിട്ടിയാല്‍ അര്‍ദ്ധരാത്രി കുട പിടിക്കുന്നവനാണു സര്‍വ്വോപരി എന്റെ സഹപ്രവര്‍ത്തകനാണു.

(സര്‍വഥാ യോഗ്യമായൊരു പേരു ഞങ്ങള്‍ ന്‍ല്‍കിയിട്ടുണ്ട്, ചില സുരക്ഷാ പ്രശ്നങ്ങളാല്‍ തല്‍ക്കാലം ഇക്രു എന്നു വിളിക്കാം)


ഇക്രു ഒറ്റക്കുഞ്ഞനാണു, ഇക്രുവിന്റെ സ്വന്തം ഭാഷയില്‍ പറഞ്ഞാല്‍

“ എന്റെ അമ്മ്യ്ക്കും, ഭാര്യയ്ക്കും, ചെന്നയിലെ വല്യമ്മാനും, കുലശെഖരത്തെ കൊച്ചുമാമനും, കൊടുങ്ങല്ലൂരിലെ ചിറ്റയ്ക്കും, വല്ലച്ചിറത്തെ വല്യമ്മയ്ക്കും(പിന്നെ ഇതിലൊക്കെക്കൂടി വരുന്ന കാക്ക്ത്തൊള്ളായിരം ബന്ധുക്കള്‍ക്കും) ഞാന്‍ മാത്രമെ ഉള്ളൂ“.
പത്തു തലമുറയ്ക്കപ്പുറം കേരളത്തില്‍ കുടിയേറിയ തമിഴ് കുടുംബാംഗമാണു. എന്നാലും നാടെവിടെ എന്നു ചോദിച്ചാല്‍ ചില മലബാര്‍ ക്രിസ്ത്യാനികളെപ്പോലെ മുള്ളിത്തെറിച്ച പഴയ തമിഴ്വേരേ പറയൂ . അതു ഉറപ്പിക്കാന്‍ സംഭാഷണത്തില്‍ മുട്ടിനു മുട്ടിനു വന്ത്, അന്ത, അപ്പറം എന്നിങ്ങനെ വേണ്ടിടത്തും വേണ്ടാത്തിടത്തും തിരുകികയറ്റും.

ഇന്റര്‍വ്യൂ സമയത്ത് ഇക്രു ബോസ്സിനെയും അഡ്മിനെയും ഒക്കെ വീഴ്തിക്കളഞ്ഞു. അത്രയ്ക്കായിരുന്നു പെര്‍ഫൊമന്‍സ്. എന്തൊക്കെ ആയിരുന്നു.

“വര്‍ക്ക് അപ്റ്റുഡേയ്റ്റ് ആയിരിക്കും, വര്‍ക്ക് പെന്ഡിങ് ആക്കുന്നതെനിക്കിഷ്ടമല്ല, എന്തെങ്കിലും പേഴ്സണല്‍ പ്രൊബ്ലം കാരണം ആബ്സന്റായാലും, വീട്ടിലിരുന്നെങ്കിലും വര്‍ക്ക് ഞാന്‍ തീര്‍ക്കും. രാവിലെ ഞാന്‍ കുറച്ചു നേരത്തെ വരും കാരണം വൈകിട്ടു നേരത്തെ പോകണം.”
വാക്കെന്നു പറഞ്ഞാല്‍ അതു ഇക്രു പറയുന്നതാ. വേറോന്നുപോലും ഇതുവരെ നടന്നിട്ടില്ലെങ്കിലും അവസാനം പറഞ്ഞകാര്യം അതൊരിക്കലും തെറ്റിച്ചിട്ടില്ല.
എയറു പിടിത്തത്തില്‍ അച്ചുമ്മാന്റെ കൊച്ചുമോനാ പുള്ളി. ചിരിയൊക്കെ വളരെ പിശുക്കിയാ, എങ്ങനാന്നെ, ചിരിക്കുന്ന വഴി തലയെങ്ങാന്‍ അനങ്ങിയാല്‍ ഭൂഗോളത്തിന്റെ ബാലന്‍സ് പോകില്ലെ. കോണ്‍സ്റ്റിപ്പേഷനുള്ള കൊച്ചിനെ രാവിലെ പോട്ടിയിലിരുത്തി കൂട്ടത്തിലൊരു നുള്ളും കൊടുത്താലോ, അതാണു സ്ഥായിയായ മുഖഭാവം.

ചില സമയത്തു അപാര നോളജ് പ്രകടിപ്പിച്ചു കളയും। ചിലതൊക്കെ കേട്ടിട്ട്, അഡ്മിന്റെ സ്വതവേ ഉരുണ്ടകണ്ണുകള്‍, “ കണ്ണെടുത്തകത്തിടട്രോ “ എന്നു പറയിപ്പിക്കും വിധത്തിലാകുന്നതു കണ്ടിട്ടുണ്ട്.

ഇക്രു നവ ഭര്‍ത്താവാണു, അതിന്റെ സര്‍വ്വ കുഴപ്പങ്ങളും കാണാനുണ്ട്.കന്നിനെ കയം കാണിക്കരുതെന്നു പറയുന്നതെത്ര ശരി.

അതിരാവിലെ പതിനൊന്ന് പതിനൊന്നരയോടെ എത്തും വന്നാലുടന്‍ നല്ലപാതിയെ വിളിക്കും വീട്ടില്‍ നിന്നിറങ്ങി ഇവിടെയെത്തിയതിനിടയ്ക്കുണ്ടായ കാര്യങ്ങള്‍ ഉള്‍പ്പെടെ ഒരു പ്രേമ പഞ്ചാര പാലരുവി അനര്‍ഗള നിര്‍ഗളം പ്രവഹിക്കും ത്രൂ മൊബൈല്‍. ഈ പരിപാടിയ്ക്കുള്ള ഫസ്റ്റ് ബെല്ലടിക്കുമ്പോള്‍ തന്നെ മറ്റുള്ളവര്‍ വെള്ളംകുടിക്കുക, എന്തെങ്കിലും സാധനം എടുക്കുക ഇതിനൊക്കെയായി സ്ഥലം കാലിയാക്കും. രാവിലെ വന്നിരുന്നു കഴിഞ്ഞാല്‍ പിന്നെ ഉണ്ണാനേ എഴുനേല്‍ക്കൂ എന്നു ശപഥമെടുത്ത സിബിച്ചന്‍ ഹെഡ് സെറ്റ് സ്ഥിരം അലങ്കാര വസ്തുവാക്കി. പ്രോഗ്രാം പത്തു മിനിടുമുതല്‍ 30 മിനുട് വരെയാകാം അതു അന്നത്തെ കണിയേ ആശ്രയിച്ചിരിക്കും.

ചിലപ്പോ‍ള്‍ ചുമ്മാ എങ്ങോ നോക്കി ചിരിച്ചങ്ങനെ ഇരിക്കുന്ന കാണാം മണിക്കൂറുകളോളം. ഉച്ച്യ്ക് ഊണിനു മുന്‍പ് , ശേഷം ഇടവേളകളില്‍ സൌകര്യം പോലെ രണ്ടോ മൂന്നോ തവണ ഒക്കെ ഫോണ്‍ ഇന്‍ പ്രോഗ്രാം ഉണ്ട്। കര്‍ത്താവേ വെള്ളം കുടിച്ചു കുടിച്ചെന്റെ അടപ്പൂരി.

പിന്നെ ഉള്ള കലശലായ രോഗം മൊബൈലോമാനിയയാ ആഴ്ച്കയ്ക്കാഴ്ച്ക മൊബൈല്‍ മാറ്റും(അതിശയോക്തിയല്ല) എന്നു മാത്രമല്ല ഫോണ്‍ മാറ്റിയ കാര്യം ഓരൊരുത്തരെയും. അതിന്റെ ഗുണഗണങ്ങളെപ്പറ്റി ഒരു സ്റ്റഡി ക്ലാസ്സ് കണ്ടക്റ്റ് ചെയ്യും. സത്യത്തില്‍ പലപ്പോഴും സഹതാപം തോന്നും. ചിലപ്പൊ ചിരിക്കണോ കരയണൊ എന്നറിയാതെ നിന്നു പോകും. നോക്കിയ 6270 ഒക്കെ കൊണ്ടു വന്നിട്ട് ഇതു തിരുവനന്തപുരത്ത് ഒറ്റ എണ്ണമേ ഉള്ളൂ അതാണിത് എന്നൊക്കെ പറഞ്ഞാല്‍ പിന്നെ.

അത്യാവശ്യം തിരക്കുള്ള ഒരു ദിവസം. അഡ്മിന്‍ ലീവാണു ഒരു ക്ലയന്റ് ആണെങ്കില്‍ ഇരുത്തിപൊറുപ്പിക്കുന്നില്ല. ഇക്രു വന്നിട്ടു വേണം സോള്‍വ് ചെയ്യാന്‍. അഡ്മിന്‍ ത്രൂ ഫോണ്‍ കാര്യങ്ങള്‍ ഹാന്‍ഡില്‍ ചെയ്യുന്നു. ഏതാണ്ടുച്ചയായപ്പോള്‍ അതാ വരുന്നൂ കഥാ നായകന്‍. വന്നു സിസ്റ്റം ഓണ്‍ ചെയ്തു. ഓ സിസ്റ്റം കമ്പ്ലയിന്റ് എന്നൊക്കെ ആത്മഗതം പുറപ്പെടുവിച്ചെങ്കിലും ആര്‍ക്കും കാര്യം പിടികിട്ടിയില്ല മാത്രവുമല്ല ഒട്ടും എയര്‍ വിടതെ തന്നെ നില്‍ക്കുന്നതിനാല്‍ ആരും അങ്ങോട്ടു ശ്രദ്ധിച്ചതുമില്ല. ആശാന്‍ കൂളായിരിക്കുകയാ. ഒരു ഒന്നൊന്നര മണീക്കൂര്‍ കഴിഞ്ഞുകാണും അഡ്മിന്റെ കാള്‍.
“ഇക്രുവിന്റെ സിസ്റ്റം കമ്പ്ലയിന്റാണോ“
“അറിയില്ല“
“ഒന്നു നോക്കൂ, കമ്പ്ലയിന്റെ ആണെങ്കില്‍ മെയിന്റനന്‍സിനു വിളിച്ചു പറയൂ
വെരി അര്‍ജന്റ് ഇന്നു വൈകുന്നേരം കൊടുക്കേണ്ട ഒരു വര്‍ക്കാണു“
ഓകെ സര്‍.
ഇക്രൂ സിസ്റ്റം കമ്പ്ലയിന്റാണൊ
ആ അതെ
ഞാന്‍ ചെന്നു നോക്കി
കണ്ടു ആ മാരക കമ്പ്ലയിന്റെ
സ്വിച്ച് ഓണാക്കിയിട്ടില്ല.

എന്ത് പറ്റിയെന്നോ. സാധാരണ രാവിലെ വരുന്ന ആള്‍ എല്ലാ സ്വിച്ചും ഓണ്‍ ആക്കും. പിന്നെ വരുന്നവര്‍ സിസ്റ്റം മാത്രം ഓണാക്കിയാല്‍ മതി. അന്ന് എങ്ങനെയോ ഇക്രുവിന്റെ സിസ്റ്റത്തിന്റെ സ്വിച്ച് ഓണാക്കാന്‍ വിട്ടുപോയി. എന്നും അവസാനം വരുകയും മിക്കവാറും ആദ്യം പോകുകയും ചെയ്യുന്ന പുള്ളിക്കാരനു ഇതൊന്നും അറിയില്ലായിരുന്നു.

പിന്നെ നമ്മുടെ ഇക്രുവിന്റെ ലോകത്തിലേയ്ക്കൊരു പുതിയ ആള്‍ വരുവാ. ഇക്രുവും ഭാര്യയും അതിനായുള്ള കാത്തിരിപ്പിലാ. നമുക്കും പ്രാര്‍ത്ഥിക്കാം അല്ലെ.

Thursday 15 November, 2007

അങ്ങനെ ആ കുടുംബം........

ഇതൊരു ദുരന്ത പര്യവസായിയായ ശോക കഥയാണു. ഇതിലെ നായിക, അതു ഞാനല്ല പക്ഷെ വില്ലന്‍ അതോ വില്ലിയോ അല്ല വില്ലത്തി അതു ഞാനാണ്,
കൂടുതല്‍ ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള കരുതലോടെ,


അങ്ങ് പയ്യന്റെ ഊരില വാസകാലം
നമ്മ ആടെ കീഞ്ഞു പാഞ്ഞു ജോലി ചെയ്യുന്ന കാലം।
പലതും കേട്ടു മനസിലായും, മനസിലാകാതെയും, കണുതള്ളിയും വാ പൊളിച്ചും നിന്നു പോയ കാലം
ആ മനോഹര കാലമെഏഏ....

അയ്യൊ, എനിക്കും നൊവാള്‍ജിയ വരുന്നൂ.

ഊരിലെ ആദ്യ ദിവസം തന്നെ സംഭവ ബഹുലമായിരുന്നു.
എന്റെ സുഹ്രുത്തിന്റെ ഓഫീസിലിരുന്നാ അന്നു ലഞ്ച് കഴിച്ചത്. അതൊരു ബഹു നില കെട്ടിടമായിരുന്നു. ഏറ്റവും മുകളിലാണീ ഓഫീസ്. ഭക്ഷണം കഴിച്ച് കഴിഞ്ഞ് കൈ കഴുകാനായ് വേസ്റ്റും പിടിച്ച് ബാല്‍ക്കണിയിലെയ്ക്കിറങ്ങിയപ്പോള്‍ കൂടെ ഉള്ള പെണ്‍കുട്ടി പറയുവാ

“ചാടിക്കൊ”
ങ് ഹെ
“ചാടിക്കോപ്പാ”
എന്ത്
“നിങ്ങ ചാടിക്കോന്ന്”
ഇതെന്തരു കൊച്ചേ നീ പറേണ ഇതിന്റെ മണ്ടേന്ന് ചാടാനാ
“ഏ.. നിങ്ങ അത് കീഴെയ്ക്ക് ചാടിക്കോന്ന്”
എന്തോന്ന്.....

(കണ്ണൂര്‍ ഭാഷ അറിയാത്തവര്‍ക്കായി, ചാടുക മീന്‍സ് കളയുക, എറിയുക। കയ്യിലിരിക്കുന്ന വേസ്റ്റ് താഴെ കളഞ്ഞോളൂ എന്നെ ആ പാവം ഉദ്ദേശിച്ചുള്ളൂ. )
തീര്‍ന്നില്ലാ‍ാ॥

ഓഫീസിലിരുന്നപ്പൊ ഒരാളു വന്നു ചോദിച്ചു

“ഓട്ത്തൂ സൌമ്യ”
ങ് ഹെ അതെന്ത് സാധനം
എന്റെ വാ പൊളിഞ്ഞു വരുന്നത് കണ്ടിട്ടാവും കുറേ കൂടി വ്യക്തമാക്കി.
“ഈടിരിക്കണ സൌമ്യെല്ലെ ഓള് ഏടെ പോയീനീ”
ഓ എന്നത്...
അങ്ങനെ അങ്ങനെ ഈ പയ്യന്നൂര്‍ക്കാരെന്നെ എന്തലൊ ബെകിട് കളിപ്പിച്ചു.

ഓഫീസിലെ എന്റെ സീനിയര്‍ വളരെ ഫ്രെണ്ട് ലി ആയിരുന്നു। ഞാന്‍ ചെന്ന ഇടയ്ക്കായിരുന്നു സാറിന്റെ അനിയത്തിയുടെ വിവാഹം. പോയ്, സാറിന്റെ കുടുംബത്തെ ഒക്കെ വിശദമായി തന്നെ ഞങ്ങള്‍ പരിചയപ്പെട്ടു.
നമ്മുടെ സാര്‍ ഒരു കലാകാരനാണു കേട്ടോ, കഥ, കവിത, വര എന്നു വേണ്ട ഒരു കൊച്ചു ബാലചന്ദ്ര മേന്ന്നാ മൂപ്പര്‍.
അങ്ങനെയിരിക്കുമ്പോ നുമ്മടെ സൌമ്യ പോയ് പകരം വേറൊരാളെത്തി, ഓളും വേഗം നുമ്മടെ ആളായി.
ഒരീസം ഓള സിസ്റ്റത്തില്‍ സാറൊരു ചിത്രം വരച്ചു, കാവ്യാത്മകമായ ഒരു വാചകവുമെഴുതി ഡെസ്ക് ടോപ്പിലിട്ടു.
ഞാനത് കണ്ടതു വൈകുന്നെരത്ത് അന്നേരം സാറു പോയിരുന്നു.
ജാത്യാലുള്ളത് തൂത്താല്‍ പോകില്ലല്ലോ. ഇവിടെയും അതു തന്നെ സംഭവിച്ചു. ജാത്യാലുള്ള വിരുവിരുപ്പ് പുറത്തു വന്നു
ആ മനോഹര വരികള്‍ക്ക് കുറിക്കു കൊള്ളുന്ന ഒരു ബദല്‍ കൂടി ചേര്‍ത്തു.
ഹൊ എന്തരാശ്വാസം.
പിറ്റെന്ന് എനിക്ക് ഔദ്യൊഗികമായി തന്നെ മറ്റൊരു ഓഫീസില്‍ പോകേണ്ടതുണ്ടായിരുന്നു.
അവിടെ ചെന്നപ്പൊള്‍ പരിചയമുള്ള ഒരു മുഖം. പക്ഷെ അങ്ങോട്ടു കിട്ടുന്നില്ല്ല, ശ്ശെടാ,
അവിടെയും ഇതെ ചോദ്യം, ഭാവം.
ആ കിട്ടിപ്പൊയ്.. ----- സാറിന്റെ വൈഫ് അല്ലെ???

“ആന്ന്.. ആ.. നിങ്ങ, നിങ്ങ എന്താ ഈടെ”

കാര്യം പറഞ്ഞു പുള്ളിക്കാരി ആവശ്യമായ സഹായങ്ങള്‍ നല്‍കി. ബാഗൊക്കെ ആ ചേച്ചീടെ ടേബിളില്‍ വച്ചു ഞാന്‍ ബന്ധപ്പെട്ട സെക്ഷനിലേയ്ക്ക് പോയ്. തിരിചു വന്നപ്പഴതാ

ഹരിവരാസരം വിശ്വമോഹനം.......
മൊവീലാ.. ഓടിപ്പാഞ്ഞു വന്നപ്പോഴേക്കും തീര്‍ന്നു.
നമ്മുടെ ചേച്ചി പറഞ്ഞു കുറേ നേരമായി ബെല്ലടിക്കുന്നു.

അരാണപ്പാ ഇത്ര അക്ഷമനായി വിളിക്കാന്‍
യന്ത്രം എടുത്തു പരിശോദിച്ചു.
നമ്മുടെ സാറാ। (അതായത് മുന്‍പിലിരിക്കുന്ന ഈ ചേച്ചിയുടെ ഓന്‍)

ഞാന്‍ ഇന്‍ഫൊര്‍മെഷന്‍ പാസ്സ് ചെയ്തു.
സാറാ, ഓഫീസ്സിലെന്തെങ്കിലും അത്യാവശ്യം കാണും. ഇനി അങ്ങോട്ടു വിളിക്കാം.
ഞാന്‍ ഡയല്‍ ചെയ്തു , ബെല്ലടിക്കുന്നു.
ഞാന്‍ ചേച്ചിയെ നോക്കി. ഇത്രയും നേരം ഉണ്ടായിരുന്ന വോള്‍ട്ടേജ് ഇപ്പോ അവിടെ ഇല്ല.
അപ്പൊഴാണ് ആ പോസ്സിബിലിറ്റി ഞാന്‍ ഓര്‍ത്തത്.
അവരുടെ ഓന്‍ എന്റെ ഫോണില്‍ വിളിക്കുന്നു, അതും പുള്ളിക്കാരീടെ മുന്‍പില്‍ വയ്ച്ച്, ഞാനാണേ അതു കണ്ടതും തിരിച്ചു കുത്തുന്നു. സംഗതി ചിലപ്പൊ ഒഫീഷ്യലാകും, എന്നലും ഒരു ഭാര്യാ മനം അത് അങ്ങനെ തന്നെ കാണുമോ??, ഇതൊക്കെ പൊറുക്കുമോ..
അയ്യോ ഇനീപ്പ എന്തു ചെയ്യും॥ ഈ ചിന്തയുടെ റിഫ്ലക്സ് ആക്ഷനായി എന്റെ വലം കൈ വിത്ത് ഫോണ്‍ ആ ചേച്ചിയ്ക്കു നേരെ നീണ്ടു.

ചേച്ചി സുസ് മേര വദനയായി അതു വാങ്ങി,
ചെവിയില്‍ ചേര്‍ത്തതും മറ്റേ തല്ക്കല്‍ കാള്‍ എടുത്തു. ആവിടെ നിന്നും വന്ന ആദ്യ വാചകം
“ഏ.. --------യീ, ഞാന്‍ സരിതയ്ക്ക് കൊടുത്ത ചിത്രത്തില്‍ നീയെന്തേ കാട്ടീത് ?”
ഇവിടെ സമ്പൂരണ്ണ പവര്‍ക്കട്ട്.
ചോദ്യം ചില്ലറ വ്യത്യാസത്തോടെ ആവര്‍ത്തിച്ചു.
“ഹല്ലൊ, ഇതു ആളു വേറെയാന്നു, അല്ലാ ആരേ ഈ സരിത”
“ഹല്ലൊ“
“ഹല്ലൊ“
“ഇതാരേ”
“മനസിലായില്ലാ‍ാ‍ാ”
“ഇല്ലാ”
“ശബ്ദം കേട്ടിട്ട് അറീന്നില്ല്ലാ‍ാ‍ാ”
“ഹല്ലൊ“
“ഹല്ലൊ, ഇതു കരിവള്ളൂരീന്നാന്നെ”
“ഷീ..ല... യാ.. , ഏ നിനക്കെങനെ ഈ ഫോണ്‍ കിട്ടി”
“ആ.. കിട്ടി, ഓളീടെ വന്നീനീ...”
കട്ട്. കാള്‍ കട്ടായി..

രണ്ടു ദിവസം കഴിഞ്ഞാ ഞാന്‍ പിന്നെ സാറിനെ കണ്ടതു, അപ്പോ പുള്ളി ചോദിച്ചു
“ഞാന്‍ ഫോണ്‍ എടുത്തു കഴിഞ്ഞിട്ട് പിന്നെ ഷീലയ്ക്ക് കൊടുത്താല്‍ പോരായിരുന്നോ”

മതിയായിരുന്നു, പക്ഷെ സംഭവിചു പോയില്ലെ.
എന്റെ ബൂലോകരെ എനിക്കറിയില്ല, ഞാന്‍ എന്തിനാ അങ്ങനെ ചെയ്തതെന്ന്. അതു സാറിനെ പറഞ്ഞു മനസിലാക്കാനും എനിക്കു കഴിഞ്ഞില്ല. കാരണം അതിനു ശേഷം മൂപ്പരെന്നോടു മിണ്ടിയിട്ടില്ല, വിളിച്ചിട്ടില്ല എന്റെ കാള്‍ അറ്റന്‍ഡു ചെയ്തിട്ടില്ല.

Tuesday 6 November, 2007

വിനാശ കാലേ.......

Y2 K-ഒക്കെ ആണുങ്ങളു പരിഹരിച്ച സ്ഥിതിയ്ക്കു ഇനി കുറച്ചു സോഫ്റ്റു വെയറു പഠിച്ചു കളയാമെന്നു കരുതി, തിരൊന്തരത്തു ഹോസ്റ്റലില്‍ നിന്നു പഠിക്കുന്ന കാലം। വെള്ളയമ്പലത്തു എസ്. എന്‍.വി സദനത്തില്‍ ആണു വാസം സദനത്തെക്കുറിച്ചു പറയുമ്പൊള്‍ സദനം ചേട്ടനെക്കുറിച്ചു പറയാതിരിക്കുന്നതു നന്ദികേടാ, അത്രയ്ക്കു വിലപ്പെട്ട് സേവനമാണതു.(ഇപ്പോല്‍ സദനം ചേട്ടന്റെ സേവനം ലഭ്യമാണോ എന്നറിയില്ല). രാവിലെ ക് റിത്യം 6.30 നു ഗേറ്റിനു മുന്നില്‍ ഹാജര്‍ വിത്ത് എല്‍.എം.എല്‍ വെസ്പാ ആന്റ് അന്നത്തെ പത്രം. സ്കൂട്ടറില്‍ പിള്ളെരെ നിര്‍ത്തുന്ന ഭാഗമില്ലെ അവിടിരുന്നാണു പത്രപാരായണം, ഹോസ്റ്റലിലെ ഏതെങ്കിലും ആന്തേവാസി പുറത്തിറങ്ങി വന്നാല്‍ ങേ ഹേ പുള്ളി മൈന്റു ചെയ്യില്ല. ഇറങ്ങിയ ആള്‍ നടന്നു നേരെ മുന്‍പിലെത്തുമ്പൊള്‍ കാടി കുടിച്ചൊണ്ടിരിക്കുന്ന പശുക്കുട്ടിയെപ്പോലെ തല ഉയര്‍ത്തി ഒന്നു നോക്കും. വീണ്ടും പത്രത്തിലെയ്ക്കു. തീര്‍ന്നു വേറൊരു പരിപാടിയും ഇല്ല, നൊ കമന്റടി, നൊ വായിനോട്ടം അത്തരം ആക്രന്തങ്ങള്‍ ഒന്നും തന്നെയില്ല. മാന്യന്‍.9.30 നു സ്ഥലം വിടും. പിന്നെ വൈകുന്നെരം 5.30 മുതല്‍ രാവിലത്തെപ്പോലെ ഐ കോണ്ടാക്റ്റ് മെയിന്റയിന്‍ ചെയ്തു 6.30 വരെ. അന്നത്തെ സേവനം സമാപിചു. പങ്ച്വാലിറ്റി, ആത്മാര്‍ഥത ഇതൊക്കെ സദനം ചേട്ടനെ കണ്ടു പഠിക്കണം. കൂട്ടത്തില്‍ പറേണൊല്ലൊ ആളു ചുള്ളനാട്ടൊ.
അങ്ങനെ ഞാനും ഹോസ്റ്റലിലായി.

കൊള്ളാം. വര്‍ക്കിങും, സ്റ്റുഡന്‍സും കൂടിയാ. കുറെ സുന്ദര ലലനാ മണികള്‍.

എന്റെ മുറിയിലാണെങ്കില്‍, ഒരു മിസ്സ്. കൊട്ടാരക്കര, മിസ്സ്. തോപ്പും പടി, മിസ്സ്. കുണ്ടറ പിന്നെ മിസ് ദക്ഷിണാഫ്രിക്ക ഞാനും.
ആ കാലത്താ ഞാനി സൌന്ദര്യ സംരക്ഷണത്തിലൊക്കെ ശ്രദ്ധിച്ചു തുടങ്ങിയത്. കുറച്ചു ശ്രദ്ധിച്ചപ്പോള്‍ മനസിലായി ചില കാര്യങ്ങള്‍ ഒടേ തമ്പുരാന്‍ അറിഞ്ഞങ്ങു ചെയ്യുന്നതാ പിന്നെത്ര പണിഞ്ഞാലും കിം ഫലം. ഫെയര്‍ അന്റ് ലവ്ലിയും, കാവേരിയുമൊക്കെ തോറ്റു തുന്നം പാടി. അതു വിട്ടു.
ഇനി ശരീര സൌന്ദര്യത്തില്‍ ശ്രദ്ധിക്കാം അതാവുമ്പം വല്ലതും നടക്കും. രാവിലെ അലാറം വെച്ചെണീറ്റ് മ്യൂസിയത്തില്‍ നടക്കാന്‍ പോകുന്നവരുടെ ഒപ്പം കൂടി. കൊള്ളാം ചെയിഞ്ചുണ്ട്. പോര, പോരാ. മഞ്ചു പിള്ളെ എന്നു വിളിക്കുന്നവരെ കൊണ്ടു നന്ദിത ദാസെ എന്നു വിളിപ്പിക്കണം. അതിനു നടത്തം മാത്രം പോരാ, ഡയറ്റിങ്ങും കൂടി വേണം.
തുടങ്ങീ ഗംഭീരന്‍ ഡയറ്റിങ്ങ്.
ബ്രേക്ക് ഫാസ്റ്റ് കട്ട്
ലഞ്ച് 3/4 കട്ട്.
ഇടവേളകളെല്ലാം കട്ട്. ഒരാഴ്ച കഴിഞ്ഞു , ചെയിഞ്ചിന്റെ തോത് കൂടുന്നില്ല. അത്താഴം 1/2 കട്ട്.
രണ്ടാഴ്ച കഴിഞ്ഞു... മൂന്നാഴ്ചയായി. ഉം ചെയിഞ്ചുണ്ട്... ചെറിയ ക്ഷീണം. പിറ്റേന്നായപ്പൊള്‍ ചെറിയ തലവേദന രണ്ടു ദിവസം കൂടി ക്ഴിഞ്ഞപ്പോള്‍ നല്ല ക്ഷീണവും തലവേദനയും.
റൂം മേറ്റ്സ് പറഞ്ഞു ഹോസ്പിറ്റലില്‍ പോകാം. മ്ഹ് ഹും വേണ്ടാ മാറിക്കൊളും കോള്‍ഡാ.
പിറ്റെന്നു വെളുത്തപ്പൊള്‍ കടുത്ത തലവേദന. മിസ്സ് തോപ്പും പടിയ്ക്ക് ഓഫാണ്.
വാ ഹോസ്പിറ്റലില്‍ പോകാം മ്ഹ് ഹും വേണ്ടാ ഞാന്‍ ഇന്നു റെസ്റ്റ് എടുക്കാം.
വേണ്ടെങ്കില്‍ വേണ്ടാ
ഏതാണ്ടുച്ചയായപ്പോള്‍ വേദനയുടെ ഗ്രാഫ് മാക്സിമം ആയി। അങ്ങോട്ടു കേറി പറഞ്ഞു
എടിയെ എന്നെ ആശൂത്രീ കൊണ്ടു പോയേ....
ആ അങ്ങനെ മര്യാദയ്ക്ക് വാ.
ദുഷ്ടത്തി. എലിയ്ക്ക് പ്രാണവേദന്‍ പൂച്ചയ്ക്ക് വീണ വായന എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ. ഇപ്പോ ദാ കണ്ടില്ലേ.
അവളു യഥേഷ്ടം സമയമെടുത്തു കുളിച്ചു. തലകെട്ടി, ത്രിപ്തിയാകുന്നില്ല വീണ്ടും വീണ്ടും കെട്ടി.
തോന്ന്യവാസമെന്നല്ലാതെന്തു പറയാന്‍, ആപ്പിളു പോലിരിക്കുന്ന കവിളില് വീണ്ടും യാര്‍ഡ് ലി ഇട്ടു മിനുക്കുകയാ. ഒരാവശ്യവുമില്ലാത്ത ഓരൊ ചെയ്ത്തുകളെ.
മതിയെടീ നിന്റെ പെണ്ണുകാണലൊന്നും അല്ലല്ലൊ.
പിന്നേ നിനക്കതൊക്കെ പറയാം പോകുന്ന വഴി വല്ല ചേട്ടന്മാരെയും കണ്ടാലൊ, ചിലപ്പൊ ജൂനിയര്‍ ഡോ: ഒക്കെ കാണും.
ഞാന്‍ വജ്രായുധം കയ്യിലെടുത്തു। അങ്ങനെ എന്തെങ്കിലും നടന്നാല്‍ ഞാന്‍ നിന്റെ കമ്പനീടെ പേരു പറയും। അതിലവളടങ്ങി. ആല്ലേലും മാനം പോണ കേസിനവളില്ല.(കമ്പനി ഏതാണെന്നൊ HLL, Peroorkkada).
വേദന കാരണം തല നേരെ നില്‍ക്കുന്നില്ല. കൈയ്യില്‍ കിട്ടിയ ഒരു ചുരിദാറെടുത്തിട്ടു

വാ പോകാം
ഒരാത്മ രക്ഷ പിടിച്ചു മിഷന്‍ ഹോസ്പിറ്റല്‍. (അതായതു ശ്രീരാമക്യഷ്ണ മിഷന്‍ നടത്തുന്ന് ഹോസ്പിറ്റല്‍).
ഓട്ടൊ ചേട്ടന്‍ കാരുണ്യവാന്‍ ചോദിച്ചു അകത്തു പോണോ. 6 രൂപ കൊടുക്കുന്നതല്ലെ മാക്സിമം മുതലാക്കണം എന്ന ചിന്തയില്‍ പറഞ്ഞു. ആ പോണം.
തിരു മുറ്റത്തു തന്നെ കൊണ്ടു നിര്‍ത്തി। 6-നു പകരം 8-എടുത്തു ചേട്ടന്‍. സഖി പതിവു പോലെ എന്നെ നോക്കി. തല്‍ക്കാലം ഒരങ്കത്തിനുള്ള കപ്പാസിറ്റി ഇല്ലാത്തതിനാല്‍ ഞാന്‍ മൈന്റിയില്ല.അവള്‍ ചേട്ടനെ തറപ്പിച്ചു നോക്കി എവിടെ നോട്ടം വെയിസ്റ്റായതെ ഉള്ളൂ, ചേട്ടന്‍ വെരി കൂള്‍ ആയി പോയ്.
ഇതെന്തൊന്നാശൂത്രി, ആകെപ്പാടെ ഒരു ലക്ഷണക്കേട്. ആളനക്കമില്ല, വാഹനാനക്കമില്ല, മാടപ്രാവിന്റെ വേഷവും വെട്ടുപോത്തിന്റെ ഭാവവും ആയി തേരാപ്പാരാ നടക്കുന്ന സിസ്റ്റര്‍,അറ്റന്ററാദികളില്ല. ആകെപ്പടെ ഒരു ശശ് മാന മൂകത
സ്വാമിമാര്‍ നടത്തുന്ന സ്ഥാപനമല്ലെ ഇങ്ങനെയാകും
ശാന്തം ശാന്തത
ഓം ശാന്തി
നട്ടുച്ചസമയം. തിരിഞ്ഞും പിരിഞ്ഞും നോക്കിയിട്ടും ഒരു സ്ഥലകാല ബോധം കിട്ടുന്നില്ല എവിടെ കൌണ്ടര്‍ എവിടെയാ ഒ.പി.

ഞാന്‍ പേഷ്യന്റ്റല്ലെ അനങ്ങാന്‍ പോയില്ല.
അവളു പോയി തിരക്കട്ടെ.
എവിടെ, നിന്നു വട്ടം തിരിയുന്നതല്ലാതെ ഒരു ഫലവും കാണുന്നില്ല.
എടീ നീയൊന്നു അന്വെഷിക്ക് എനിക്ക് തലപൊളിയുന്നു കേട്ടോ.
എവിടന്വെഷിക്കാന്‍.
ദാണ്ടെ ആ ചേട്ടനോടു ചോദിക്ക്। മുന്നിലെ കെട്ടിടത്തീന്നൊരു ചേട്ടനും അമ്മച്ചിയും കൂടി വരുന്നുണ്ട്. ആരുടെയൊ കൂടെ വന്നതാകും അവരടുത്തെത്തിയപ്പോള്‍ സഖി മന്ദം മൊഴിഞ്ഞു.
കൌണ്ടര്‍ എവിടെയാ
അമ്മെടെം മോന്റെം മുഖത്തൊരൊ “അയ്യൊ കഷ്ടം“ വായിക്കാം, അമ്മച്ചി സഹതാപം വഴിഞ്ഞൊഴുകുന്ന ശബ്ദത്തില്‍ അവളൊടു ചോദിക്കയാ
“അപ്പി മാത്രെ ഒള്ളോ കൂടെ“.
ഹ്മ്മ്.. (പിന്നെ ഹോസ്റ്റലു മുഴുവന്‍ കൊണ്ടുവരാന്‍ പറ്റുമൊ ഒരു തലവേദനയ്ക്ക്)
വീണ്ടും എന്തൊക്കയോ ചോദിക്കുന്നു.
എവിടെയോ സ്വല്പം പിശകുണ്ട്.

ഞാനാണെ തലവേദന കൊണ്ടു തലകുത്തി നില്‍ക്കുന്നു. പക്ഷെ അമ്മച്ചീടെം, ചേട്ടന്റെം സഹതാപ വര്‍ഷത്തിന്റെ ടാര്‍ജറ്റ് ഞാനല്ല. റിയാലിറ്റി ഷോയ്ക്ക് പങ്കെടുക്കാന്‍ നില്‍ക്കുന്ന പോലെ നില്‍ക്കുന്ന മിസ്സ് തോപ്പും പടിയോടാണു. എന്തൊ എവിടെയോ‍ാ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്. അതെന്താണ്. എന്റെ ^F ആട്ടോ പ്ലേ ആയ്.
കിട്ടി.
അതാ ഷെഡില്‍ കിടക്കുന്ന ആംബുലന്‍സില്‍ വെണ്ടക്കാ അക്ഷരത്തില്‍

ശ്രീരാമക്യിഷ്ണ മിഷന്‍ മാനസികാരോഗ്യ കേന്ദ്രം
ദൈവമെ ഒടുക്കം ഇവിടെയുമെത്തി.
അപ്പൊ വയലന്റായി നില്‍ക്കുന്ന എന്നെയും കൊണ്ടു വന്ന വിശാല മനസ്കയായ മാന്‍പേടയ്ക്കു നേരെയാണീ സഹതാപം.

തല്‍ക്കാലം തലവേദനയും പ്രൊബ്ലംസും ഒക്കെ മാറ്റി നിര്‍ത്തി.
കാരണം എനിക്കു വട്ടില്ല എന്നു തെളിയിക്കേണ്ടത് എന്റെ മാത്രം ആവശ്യമാണല്ലൊ.
ഞാന്‍ രംഗത്തെയ്ക്ക് രണ്ടും കല്‍പ്പിച്ചു നടന്നു.

(അമ്മയും മോനും രണ്ടടി പിന്നോട്ടു മാറിയോ എന്നു സന്ദേഹം)

അതെ ചേട്ടാ എനിക്കു നല്ല പനിയും തലവേദനയും, ഡോ: കാണണം എവിടെയാ ഒ.പി.
ഓ അതാണൊ അതു അപ്രത്താ. ഇതു......
ഞാന്‍ അവളെയും പിടിച്ചു വലിച്ചു പുറത്തെയ്ക്ക് നടന്നു. അവള്‍ക്കപ്പൊഴും കാര്യം പിടികിട്ടിയിട്ടില്ല.
പുറത്തിറങ്ങി ഞാന്‍ ബോര്‍ഡു കാണിച്ചു കൊടുത്തു.
കറക്റ്റ് പ്ലേസ്. അവളുടെ കമന്റ്.
ഇനി അങ്ങോട്ടു പോയപ്പോള്‍ ഇവളിതു കണ്ടിട്ട് മനപ്പൂര്‍വ്വം കൊണ്ടു പോയതാണോ.
ഏതിനും തൊട്ടപ്പുറത്തുള്ള ജനറല്‍ മെഡിസിന്‍ സെക്ഷനില്‍ കേറി ഡോക്ടറെ കണ്ടു.
(മിഷന്‍ ഹോസ്പിറ്റലില്‍, രണ്ടും ഉണ്ടു. സ്പെഷ്യാലിറ്റി മറ്റെതില്‍ ആയതിനാല്‍ അതിന്റെ ബ്ലോക്ക് കുറേക്കൂടി വലുതാണു.അങ്ങനെ പറ്റിയതാകാം.
അതൊ ഇനി അവളുമാരു പറേന്ന പോലെ നിത്യേന പലതരക്കാരെ കാണുന്ന ഓട്ടോക്കാര്‍ക്ക് ഒരാളെ ഒറ്റ നോട്ടത്തില്‍ അറിയാന്‍ പറ്റുന്നതു കൊണ്ട് എത്തിക്കേണ്ടടുത്ത് എത്തിച്ചതാണോ ആണൊ..)

Wednesday 31 October, 2007

സ് കോഡ ഒക് ടൊവിയ.

എനിക്കേതാണ്ട് ഓര്‍മ്മ വെച്ച നാള്‍ മുതല്‍ വീട്ടിലൊരു വാഹനമുണ്ട്। അച്ചന്റെ ബജാജ് സൂപ്പര്‍ KL-01,1183അമ്മയുടെ ആഗ്രഹപ്രകാരമാണത്രെ അച്ചനതു വാങ്ങിയതു ഓഫിസിലെ പലരും അവരവരുടെ ചേട്ടന്റെ പിറകിലിരുന്നു വരുന്നതു കണ്ടുണ്ടായ ന്യായമായ ആഗ്രഹം. പിന്നീടേതാണ്ടു 20,22 കൊല്ലം അങ്ങനെ ചെന്നിറങ്ങി അമ്മ സായൂജ്യമടഞ്ഞു.പറ്റാവുന്നത്രകാലം ഞങ്ങള്‍ അതില്‍ സകുടുംബം യാത്രചെയ്തു.

ആദ്യം എന്നെ ഫ്രെണ്ടില്‍ നിര്‍ത്തി അച്ച്ഛനും അമ്മയും,
പിന്നെ എന്നെ ഫ്രെണ്ടില്‍ നിര്‍ത്തി അച്ച്ഛനും അമ്മയും+അമ്മയുടെ മടിയില്‍ അനിയത്തി
പിന്നെ അനിയത്തിയെ ഫ്രെണ്ടില്‍ നിര്‍ത്തി എന്നെ സാന്‍ഡ് വിച്ച് ചെയ്ത് അച്ച്ഛനും അമ്മയും

വീണ്ടും പിന്നെ ഞങ്ങള്‍ സകുടുംബ യാത്രകള്‍ ആവശ്യാനുസരണം ബസിലൊ, ഓട്ടൊയിലൊ, ടാസ്കിയിലൊ ചെയ്തു വന്നു।

ഈ ടാക്സി എന്നു പറയുമ്പോള്‍ അതു ഞങ്ങള്‍ക്കു ഗംഗന്‍ മാമന്റെ കാര്‍ ആണു .
ഗംഗന്‍ മാമന്‍, എക്സ് മിലിട്ടറിക്കാരന്‍, ഞങ്ങളുടെ നാട്ടുകാരന്‍,ഭേദപ്പെട്ട സാമ്പത്തിക ഭദ്രത ഉള്ളവന്‍, എങ്കിലും അഹംകാരരഹിതന്‍, വിനയകുനിയന്‍,ഞങ്ങളുടെ മുക്കിലെ ആദ്യതെ ടാക്സിക്കാര്‍ ഓണര്‍ കം ഡ്രൈവര്‍, വിശ്വസ്തന്‍ സര്‍വ്വൊപരി യാത്രക്കാരന്റെ ജീവനു വില കല്‍പ്പിക്കുന്നവന്‍ ( ആയതിനാല്‍ പുള്ളിക്കാര്‍ന്റെ സ്പീഡോ മീറ്റര്‍ സൂചി 60 കണ്ടിട്ടില്ല ) യാത്രാവേളകള്‍ ആനന്ദഭരിതമാക്കാന്‍ പുള്ളിക്കാരന്റെ സ്വന്തം പട്ടാള, നോണ്‍ പട്ടാ‍ള, നാടന്‍ കഥകള്‍ തികച്ചും ഫ്രീ ആയ് റ്റെലികാസ്റ്റു ചെയ്യും ചിലപ്പോല്‍ നമ്മള്‍ തന്നെ "ഠോ" എന്നു വയ്ക്കണ്ടി വരും ഡോണ്ട് വറി, ടെയ്ക് ഇറ്റ് ഈസി

ഈ ടാക്സി ആദ്യകാലത്തു ഒരു വെളുത്ത അംബാസിഡര്‍ ആയിരുന്നു പിന്നൊരു സുമൊ, ക്വാളിസ്, സ്കൊര്‍പ്പിയൊ എന്നിങ്ങനെ ചില പരിണാമങ്ങള്‍ക്കൊടുവില്‍ വീണ്ടും ഒരു വെളുത്ത അംബാസിഡര്‍ ആയി മാ‍റി ഇത്രയും കത്തി വയ്ചതു എന്റെ മൊട്ടോര്‍ വാഹന പരിചയം വെളിവാക്കാനാ അതായതു ചുരുക്കത്തില്‍ മേല്‍ പറഞ്ഞ വഹകളിലെ ഞാന്‍ യാത്ര പരിചയിചിട്ടുള്ളൂ

ഇങ്ങനെ ഉള്ള ഞാന്‍ ഈയടുത്തൊരു സ് കോഡയില്‍ കയറി

ഒരു ദിവസം എനിക്കു ചില നിര്‍ ദ്ദേശങ്ങള്‍ തന്നു കൊണ്ടു നിന്ന അഡ്മിനെ ബോസ്സ് വിളിക്കുന്നു ബാങ്കില്‍ പോകാന്‍, ഓ മൈ ഗോഡ് എനിക്കും പോകണം ബാങ്കില്‍ അത്യാവശ്യമാണു രാവിലെ ജോലിത്തിരക്കില്‍ മറന്നു പോയി അഡ്മിനോടു പെര്‍മിഷന്‍ ചോദിച്ചു ഓകെ ഗ്രാന്റഡ്
തങ്കമാന മനിതന്‍ ലൊകാവസാനം വരെ ഉയിരോടെ ഇരിക്കട്ടും

പെട്ടന്നു അഡ്മിനിലെ പരസഹായി ഉണര്‍ന്നു.


"എതു ബാങ്കിലാ"
"എസ് ബി ഐ"
"എങ്ങനെ പോകും "
"ഞാനൊരു ഓട്ടൊയില്‍ പൊകും സര്‍"

" ഞങ്ങള്‍ ഐ ഒ ബി യിലെക്കാ, വരൂ ഡ്രൊപ്പു ചെയ്യാം"(അഡ്മിനും ബോസ്സും വെരി ക്ലോസ് , മച്ചാ, മച്ചാ സെറ്റപ്പാ, അതോണ്ടു അഡ്മിന്‍ പറ്ഞ്ഞാല്‍ ബോസ്സു പറഞ്ഞതു തന്നെ)
"വേണ്ട സര്‍ "
"ഏയ് സാരമില്ല"
"വേണ്ട സര്‍ "
"ഞാന്‍ വിനയാന്വിതയായി"
അഡ്മിന്‍ നിര്‍ബന്ധിക്കുന്നു ഞനൊന്നു റീ തിങ്കു ചെയ്തു।ഓട്ടോ പിടിചു പോകണമെങ്കില്‍, ചിലപ്പൊള്‍ 10 മിനുട്ടില്‍ കൂടുതല്‍ നിന്നാലും ഒഴിഞ്ഞ വണ്ടി വന്നില്ലെന്നു വരാം, പിന്നെ ജംഗ്ഷന്‍ വരെ പോണമെങ്കില്‍ 5 മിനുറ്റ് നടക്കണം ഈ നട്ടപ്ര വെയിലത്തു ഈ ഓഫര്‍ സ്വീകരിച്ചാല്‍ ഇതൊന്നും വേണ്ട ഓട്ടൊക്കാശും ലാഭം, പിന്നെ 5,6 മിനുറ്റെ ഉള്ളെങ്കിലും ഓസിനൊരു സ് കോഡ ട്രിപ്പാ, എന്തിനു പാഴാക്കണം എന്റെ മനസു പോലെ അഡ് മിന്‍ വീണ്ടും നിര്‍ബന്ധിച്ചു ശക്തമായിതന്നെ
എന്റെ വേണ്ട ഒരു പുഞ്ചിരിയായി രൂപാന്തരപ്പെട്ടു
ബോസ്സാ ഓടിക്കുന്നെ, അഡ് മിന്‍ മുന്നിലും, ഞാന്‍ പിറകിലും

ഹ്മ്മ്മ്.
സംഗതി കൊള്ളാം ഏസി ഓണാണല്ലെ
ആയിക്കോട്ടെ
ദുബായിക്കാരന്‍ അടുത്തു വന്ന പോലൊരു മണം സാരമില്ല
സഹിച്ചു കളയാം
നഴ്സറിപ്പാട്ടുപോലൊരു ഇംഗ്ലിഷു പാട്ടു
ഇതെന്തര് മാറ്റീട്ടാ പോക്കിരി പൊങ്കലിട്രെ
പറയാന്‍ അറിയാഞ്ഞിട്ടല്ല പിന്നെ വീട്ടില്‍ പട്ടിണിയാക്കണ്ടല്ലൊ എന്നൊര്‍ത്തെ മിണ്ടാതിരുന്നു
ഓ എന്തൊരു മെന്റല്‍ വേവ് ലെങ്ത് അഡ്മിന്‍ അതു മാറ്റി
അയ്യൊ എന്താ നിര്‍തതിയത് ഓ ഐ.ഒ.ബി ആയി.
ബോസ്സ് പിറകിലെയ്ക്കു തിരിഞ്ഞു പറഞ്ഞു “ ഇരിക്കൂ, ഞങ്ങള്‍ ഉടനെ വരും എന്നിട്ട് എസ് ബി ഐയില്‍ ഡ്രോപ്പു ചെയ്യാം, വിശാല മനസ്കന്‍ മൂപ്പര്‍ക്കു നമ്മളെ അറിയില്ലല്ലൊ
“വേണ്ട സാര്‍, ഇനി ഞാന്‍ നടന്നു പോകാം“
“ഏയ് സാരമില്ല“
“വേണ്ട സര്‍ ബുദ്ധിമുട്ടാവും ”
ബോസ്സ് വീണ്ടും നിര്‍ബന്ധിക്കുന്നു ഇത്തവണ റീ തിങ്കു ചെയ്യുന്നതു നനയുന്നിടം കുഴിക്കുന്ന ഇടപാടാണെന്നറിയമെന്നുള്ളതു കൊണ്ടു ഞാന്‍ “വേണ്ട“ വേണ്ടത്ര ബലത്തില്‍ തന്നെ പറഞ്ഞു
എന്നാല്‍ ശരി ഇറങ്ങിക്കൊളൂ,
ഇറങ്ങാം
എന്റെ ഇതു വരെ ഉള്ള യാത്രകളിലെ ഇറങ്ങലുകള്‍ പലതരമാണു,

അച്ചന്റെ കൂടെ സ്കൂട്ടറില്‍ ആണെങ്കില്‍, വണ്ടി നിര്‍ത്തിയാല്‍ പാദങ്ങള്‍ ഭൂമിയ്ക്ക് പാരലലായ് വയ്ക്കുക പിന്നെ ചെറിയ ഒരു കായികാഭ്യാസം നമ്മല്‍ സെയ്ഫ് ആയ് ലാന്റു ചെയ്തു കഴിഞ്ഞു
ഇനി ഗംഗന്‍ മാമന്റെ കാര്‍ ആണെങ്കില്‍,(എന്തലുമ്പ് ഉണ്ടാക്കിയും ഞാന്‍ വിന്‍ഡൊ സീറ്റു പിടിച്ചിരിക്കും) ആദ്യം ഞാന്‍ ഹാന്‍ഡില്‍ തിരിക്കും, പിന്നെ അമര്‍ത്തി തിരിക്കും, പിന്നെ ഒടുക്കത്തെ പിടി പിടിക്കും ചിലപ്പൊള്‍ അതിലും തുറക്കില്ല അപ്പൊള്‍ അച്ചന്‍ മുന്‍പിലുരുന്നു തന്നെയൊ അല്ലേല്‍ പുറത്തിറങ്ങിയൊ ഈ പറഞ്ഞതൊക്കെ ആവര്‍ത്തിക്കും
എന്നിട്ടും തുറന്നില്ലേല്‍ “ഗംഗന്‍ പിള്ളെ ഈ ഡോറു റ്റൈറ്റാണല്ലോ“എന്നു പറയും
ഈ അവസരതില്‍ ഗംഗമ്മാമന്‍ ചില ടെക്നിക്കുകളിലൂടെ പ്രസ്തുത പരിപാടി വിജയകരമായി പൂര്‍ത്തിയാക്കും.
ഇവിടിപ്പൊ ഡോറിലെ സൊനകള്‍ക്കൊക്കെ രൂപ വ്യത്യാസം എന്റെ ദൈവമെ എന്നെ എന്തിനിങ്ങനെ പരീക്ഷിക്കുന്നു ഒരു കൈ സഹായത്തിനു ഞാന്‍ മുന്‍പിലെയ്ക്കു നോക്കി എവിടെ അവരാരും ഈ നാട്ടുകാരല്ലെന്നു തൊന്നുന്നു എന്നു കരുതി നമുക്കു മാനം കളയാന്‍ പറ്റൂമോ?മറുതാമ്മച്ചിയെ മനസില്‍ ധ്യാനിച്ചു തുറക്കനുള്ള സൊനയില്‍ മനസു വയ്ച്ഛൊരു പിടി പിടിചു
ശ്സ്ശ്സ്ശ്സ് ക്ടിന്‍
ആരാണെന്നറിയില്ല ഫ്രെണ്ടില്‍ നിന്നും ചെറിയൊരു യ്യൊ...പൊങ്ങി
എന്താ സംഗതി എനിക്കൊരു പിടിയും കിട്ടിയില്ല ഞാന്‍ ചാടിയിറങ്ങി നാലുപാടും നോക്കി അസ്വാഭാവികമായ് യാതൊന്നും തന്നെയില്ല।പക്ഷെ മറ്റുള്ളവര്‍ക്കു കാര്യം പിടികിട്ടിയിരുന്നു. 92 മോഡല്‍ അംബാസിഡര്‍ പോലല്ലാ, സ് കൊഡേടപ്പന്‍ വേറയാ. ഒടുക്കത്തെ ഞെക്കലില്‍ ഡോര്‍ തുറന്നു. പിടിച്ചിട്ടില്ലാത്തതിനാല്‍ നേരെ പോയ് മതിലിലിടിച്ചു.മെയിന്‍ റോഡായതിനാല്‍ മൂപ്പര്‍ തീരെ ഒതുക്കിയാ നിര്‍ത്തിയത്
അഡ് മിന്‍ ചാടി ഇറങ്ങി പരിക്കു കണ്ടുപിടിച്ചൂ ബോസ്സ് ഇറങ്ങിയിട്ടില്ല പാവം പുള്ളിക്കാരന്‍ പൊന്നുപോലെ കൊണ്ടു നടക്കുന്ന വണ്ടിയാ, വെയിലടിച്ചു തുടങ്ങിയിട്ട് മാസമൊന്നു തികഞ്ഞിട്ടില്ല.അര സെന്റിമീറ്ററു വലിപ്പത്തിലൊരു വെളുത്ത പാട്.
ഓ മതിലിലെ പൂപ്പലാകും തുടച്ചാല്‍ പോകും
അഡ് മിന്‍ വിരലിനു തൂത്തു,
മോര്‍ റ്റൈംസ് തൂത്തു
പാടു മായുന്നില്ല 50:50 ന്റെ സാന്റ് പേപ്പര്‍ പൊലത്തെ വിരലിനു തൂത്തതു കാരണം പാടു വളരുന്നൊ എന്നാ എനിക്കു തോന്നുന്നതു
കര്‍ത്താവേ ഈ തൊടയ്ക്കലു നിന്നെങ്കില്
‍ബോസ്സ് എത്തി “പെയിന്റു പോയോ“ എന്നൊടാണു
ഞാന്‍ വിനയാന്വിതയായി
“അല്പം”
അഡ്മിന്‍ പറഞ്ഞു
ബോസ്സ് പരിക്കു നോക്കി പിന്നെ എന്നെ നോക്കി ഞാന്‍ വീണ്ടും വിനയാന്വിതയായി അല്ലാതെന്തു ചെയ്യാന്‍

യ്യൊ ബാങ്കുകാരു ഉണ്ണാന്‍ പോകില്ലെ? അതിനു മുന്‍പെത്തണ്ടെ,
സാറായ്, കാറായ് അവരുടെ പാടായി, ഇനി നമ്മളു നിന്നലമ്പാവാന്‍ ഓ എന്നത്തിനാ അതൊക്കെ


ഞാനിത് ഇതുവരെയും മറന്നില്ല।
അഡ് മിനും മറന്നില്ല അടുത്തിടെ പുള്ളിക്കാരന്‍ ഇതു പറഞ്ഞു കളിയാക്കി
ബോസ്സും മറന്നില്ലെന്നിപ്പൊ മനസിലായ്, കാരണം സാലറി ആപ്രൈസലിനേക്കുറിച്ചു യാതൊന്നും പറയുന്നില്ല

ഇതില്‍ നിന്നും,
ഞാന്‍ പഠിച്ചത്: യാത്ര എത്ര ചെറുതാണെങ്കിലും ഒരു കര്‍ച്ചീഫ് കരുതുക
അഡ് മിന്‍ പഠിച്ചത്: പരസഹായം അറിഞ്ഞും കേട്ടും ചെയ്തില്ലെങ്കില്‍ പാരസഹായം ആകും
ബോസ്സ് പഠിച്ചത്: വരാനുള്ളതു വഴീല്‍ തങ്ങില്ല, മലബാര്‍ എക്സ്പ്രസ്സു പിടിച്ചിങ്ങു വരും

Wednesday 24 October, 2007

വണ്‍ മിനുറ്റ് ഫോട്ടൊ

ആര്‍ട്സ് ഡേയും, സ് പോര്‍ട്സ് ഡേയും ഒക്കെ കഴിഞ്ഞു അര്‍മാദങ്ങള്‍ക്കൊടുവില്‍ അതും വന്നെത്തി, എക്സാം। കഴിഞ്ഞ പത്തിരുനൂറു ദിവസങ്ങളായ് തീരെ മറന്ന പലതും പൂര്‍വാ‍ധികം ശക്തിയോടെ പുനരാരംഭിച്ചു। ഭക്തിയും ഭയവും ഒക്കെ കൂടുന്നു। രാവിലെ ഉണരും സാധിക്കുമെങ്കില്‍ അമ്പലത്തില്‍ പോകും, ഏതു നേരവും ഈശ്വര ചിന്ത ആകെ ഭക്തി മയം. ഈശ്വരനല്ലാതെ വേരെ ആര്‍ക്കും ഇനി രക്ഷിക്കാനാവില്ല. പഠിച്ചു തുടങ്ങിയപ്പൊഴല്ലേ മനസിലായതു, സിലബസ് കുടത്തീന്നിറങ്ങിയ ഭൂതത്തിനെപ്പൊലെ വലുതാകുന്നു. എന്റമ്മോ ഏതായാലും ഇതു മുഴുവന്‍ പഠിച്ചു പാസ്സാകുന്ന കാര്യം നടക്കില്ല, മറ്റു കലാപരിപാടികളില്‍ പ്രാവീണ്യവും ഇല്ല. അപ്പൊ പിന്നെ ഈശ്വരൊ രക്ഷതു.

ഒരോരോ സമ്പ്രദായങ്ങളെ, പരീക്ഷ എഴുതണമെങ്കില്‍ പഠിച്ചാല്‍ മാത്രം പോര വേറൊരു സാധനം കൂടി വേണം, “ ഹാള്‍ ടിക്കറ്റ് “ ഇനി അതായിട്ടു കുറയ്ക്ക്ണ്ട വാങ്ങിക്കളയാം.
വളരെ വാഹന സൌകര്യമുള്ള നമ്മുടെ നാട്ടില്‍ നിന്നും പോളിയിലെത്തിയപ്പൊ ബാക്കിയുള്ളൊരൊക്കെ സ്ഥലം കാലിയാക്കി. സ് നേഹമില്ലാത്ത കൂട്ടങ്ങള്‍ ഒറ്റെയെണ്ണം നിന്നില്ലല്ലോ എന്നൊക്കെ ഓര്‍ത്ത് ഓഫീസിലെത്തി അപ്പൊഴാണു ആ ഞെട്ടിക്കുന്ന വാര്‍ത്ത കപീഷണ്ണന്‍ പറഞ്ഞതു. ( തെറ്റിദ്ധരിക്കല്ലെ സെഷന്‍ ക്ലാര്‍ക്ക് സതീഷണ്ണനെ സ് നേഹം കൂട്ടി വിളിക്കുന്നതാ എന്താ കൊള്ളില്ലെ? ).ഹാള്‍ ടിക്കറ്റില്‍ ഒരു പോട്ടോം വേണം. തമ്പുരാനേ മറന്നു പോയി. ഫോട്ടോ വീട്ടില്‍ ഉണ്ടു, പക്ഷെ പോയി എടുത്തു വരല്‍ നടക്കില്ല, പിന്നെ നാളെയാട്ടെ എന്നു കരുതിയാല്‍ എങ്ങാനും വല്ല പ്രശ്നവുമായാല്‍ ദൈവമേ എന്റെ ഫസ്റ്റ് ഇയറിലെ ഫസ്റ്റ് എക്സാം. വീട്ടിലെങ്ങാന്‍ അറിഞ്ഞാല്‍, അല്ലെല്‍ തന്നെ അശ്രദ്ധ, മറവി, നിരുത്തരവദിത്വം പേരു ദോഷങ്ങള്‍ ധാരാളം ഉണ്ട്. അതിന്റെ കൂടെ ഇതും, എന്നാലും എന്റെ ദൈവമെ നീ എന്നൊടീ ചെയ്തു ചെയ്തല്ലോ,
അപ്പൊഴതാ വരുന്നു, എന്റെ ക്ലാസ്സ്മേറ്റ് എന്റെ സന്തത സഹചാരി ഒരു 500 വാട്ട് ചിരിയുമായി നമുക്കങ്ങനെ ചിരിക്കാന്‍ പറ്റുമൊ ഞാനുമൊരു 40 വാട്ടു ചിരി കൊടുത്തു കാര്യം പറഞ്ഞു അവളുടെ 500 വാട്ട് പവര്‍ കട്ടായി എന്റെ 40 വാട്ട് 500 ആയി. ഞാന്‍ മാത്രമല്ല അവളും ഉണ്ടു. അപ്പൊ ഇനി എന്തു?????
ഈ സമയത്തു പലരും വന്നു ഒരു വഴിയും ഇല്ലാത്ത പല പോം വഴികളും പറഞ്ഞു। അപ്പോഴാ ദൈവദൂതന്‍ വന്നു അവന്‍ രക്ഷാമാര്‍ഗം അരുളി ചെയ്തു। ഒരു പുതിയ സ്റ്റുഡിയൊ ഉണ്ട് ഒരു മിനിറ്റിനുള്ളില്‍ ഫൊട്ടൊ കിട്ടും. അവന്‍ നീണാ‍ള്‍ വാഴട്ടെ, നേരെ വച്ചു പിടിച്ചു. ഏതാണ്ട് അങ്ങെത്താറായപ്പൊഴാണു ഓര്‍ത്തതു കാശു തികയുമൊ? ഡേ സ്കോളറാണെങ്കിലും കണ്‍സെഷന്‍ പാര്‍ട്ടി ആയതിനാല്‍, ട്രാന്‍: ബസുകാരെങ്ങാന്‍ മിന്നല്‍ പണിമുടക്കു തുടങ്ങിയാല്‍ പോളിയില്‍ തന്നെ തങ്ങാനനുവദിക്കുന്നതാണു മിക്കവാറും സാമ്പത്തിക നില. പക്ഷെ ഇന്നേതായാലും പണക്കാരിയാ 40 രൂപാ ഉണ്ടു. എന്നാലും സംശയം സഖിയൊടു ചോദിച്ചു.

“എടീ കാശുണ്ടോ”
“ഓ 20 രൂപ ഉണ്ടു ചേച്ചീ” (അവള്‍ പത്താം ക്ലാസ്സു കഴിഞ്ഞും ഞാന്‍ പ്രീ‌-ഡിഗ്രി കഴിഞ്ഞും വന്നവരാ അതാണീ ചേച്ചി വിളി, ഇത്തരം വിളികള്‍ ഞങ്ങളുടെ പോളിയില്‍ സാധാരണം)
അപ്പൊ 60 രൂപ. ചില കാര്യങ്ങളില്‍ എന്നെക്കാള്‍ ലോകവിവരം അവള്‍ക്കാ
“ഇതു തികയുമോടേ”

“ പിന്നേ, ഇന്നു പോസു ചെയ്തു രണ്ടു ദിവസം കഴിഞ്ഞു കിട്ടുന്ന ഫൊട്ടൊയ്ക്ക്, 30 ഓ, 40 ഓ രൂപയാ ഇതിപ്പൊ എടുത്താല്‍ ഉടനേ കിട്ടുന്നതല്ലെ അപ്പൊ കുറേക്കൂടി കുറയില്ലെ ചേച്ചീ.....”
ഓ ഭയങ്കരീ, നീ അത്രയ്ക്കങ്ങു കാല്‍ക്കുലേറ്റിയല്ലേ ശരി തന്നെ സധൈര്യം മുന്നോട്ടു.
സ്റ്റുഡിയൊ കലക്കന്‍ അങ്ങനെ ഒരു സെറ്റ്അപ്പു നമ്മള്‍ ജീവിതത്തിലാദ്യമായ് കാണുകയാ‍ണു. നല്ല അരവിന്ദ് സാമി ചേട്ടന്മാര്‍ നിരന്നു നില്‍ക്കുന്നു. അവരില്‍ പലരും ഞങ്ങളെ കാര്യമായി തന്നെ ശ്രദ്ധിക്കുന്നുണ്ട്. സ്റ്റ്ഫിഗ്രാഫിന്റെ ഫിഗറും, അന്നാ കുര്‍ണിക്കോവയുടെ ചിരിയും, ആ ചിരി യാതൊരു ലോഭവുമില്ലാതെ വിതരണം ചെയ്യുന്നവളുമാണു കൂടെ ഉള്ളതെങ്കിലും, വീനസ് വില്യംസും ഒരു താരമാണല്ലൊ, മാത്രമല്ല കറുപ്പിനു എട്ടെട്ടര അഴകുമായതിനാല്‍ ഈ ചുള്ളന്മാരൊക്കെ ഇത്രയേറെ ശ്രദ്ധിക്കുന്നത് എന്നയാണെന്ന കാര്യത്തില്‍ അന്നും ഇന്നും എനിക്കു യാതൊരു സംശയവും ഇല്ല। പിന്നസൂയക്കാരു പലതും പറയും നമ്മളതൊക്കെ ശ്രദ്ധിക്കുന്നതെന്തിനാ.

കൌണ്ടറില്‍ ഇരുന്ന ചേട്ടനൊടു, ഹെഡിനു മാക്സിമം വെയിറ്റു കൊടുത്തു ചോദിച്ചു
ഫോട്ടൊ॥

ചേട്ടന്‍ ചൂണ്ടു വിരല്‍ ഉയര്‍ത്തി കാണിച്ചു. ഒന്നിനു പോണമെന്നാണൊ അല്ല, മോളിലാണെന്നാ.
കലക്കനോരോ ഫോട്ടൊ എടുത്തു, 1 മിനിറ്റ് എന്നാ പേരെങ്കിലും അരമണിക്കൂറില്‍ കൂടുതലായി। വീണ്ടും കൌണ്ടര്‍। നേരത്തെ ഇരുന്ന പയ്യന്‍സല്ല, ഒരങ്കിളാ മുതലാളി ആണെന്നു തോന്നുന്നു.

ബില്ല് തന്നു
വാങ്ങി
അക്ഷരങ്ങള്‍ ഓടിക്കളിക്കുന്നോ, കണ്ണില്‍ ചെറിയൊരു മങ്ങല്‍, വേഗം അവള്‍ക്ക് കൈമാറി പോയതിനെക്കാള്‍ വേഗതില്‍ അതു തിരിച്ചു വന്നു। സാധാരണ ജയറാമിന്റെ പോലെ കാണ്‍പ്പെടുന്ന 4 കണ്ണുകള്‍ സലിം കുമാറിന്റേതു പോലായി,ഏസി കൂടുതലായിട്ടാണൊ ഉടുപ്പൊക്കെ നനഞ്ഞു, അല്ല വിയര്‍ക്കുന്നതാ।

ഞാനും കൂട്ടുകാരിയും അപ്ലൈ ചെയ്ത തിയറി അല്ല സ്റ്റുഡിയൊക്കാരന്‍ അപ്ലൈ ചെയ്തത്. രണ്ടു ഫോട്ടൊയും കൂടി 140 രൂപ. കൈയിലാണെങ്കില്‍ വണ്ടിക്കൂലി കഴിച്ച് 60 രൂപ.
ഞാന്‍, എന്റെ ഏറ്റവും ദയനീയവും വിനയാന്വിതവും ആയ ശബ്ദത്തിലും ഭാവത്തിലും ആ ചേട്ടനോടു കാര്യം പറഞ്ഞു. പുള്ളിക്കാരന്റെ മുഖം ഊഹിക്കാമല്ലൊ. ഭാഗ്യം ഒന്നും പറയുന്നില്ല.
എന്റെ സഖി ഒരു പടി കൂടി മുന്നോട്ടു പോയി.
“ഇതെത്ര കോപ്പിയുണ്ട്”
“നാല്”
“ഞങ്ങക്കോരോന്നു മതി” (വൌ എന്തൊരു ഓഫര്‍ അല്ലെ)

എന്റമ്മൊ അങ്ങേര് അപ്പോ നോക്കിയ നോട്ടം।

ഇനിയെന്തു ചെയ്യാന്‍, കൈയ്യിലുള്ളതു കൊടുത്തു ബാക്കി പിന്നെ തരാമെന്നു പറ്ഞ്ഞിറ്ങ്ങി.
പോളിയിലെത്തി, തല്‍ക്കാലം അഭിമാനമൊക്കെ ഗേറ്റിന്റെ വെളിയില്‍ വയ്ചു ഓരോരുത്തരുടെ കൈയ്യില്‍ നിന്നും 5 ഉം പത്തുമായി വാങ്ങി ബാക്കി പണം സ്വരൂപിച്ചു. വീണ്ടും സ്റ്റുഡിയൊയിലെയ്ക്ക്. ഞങ്ങളെ കണ്ടപ്പോള്‍ കൌണ്ടറിലെ ചേട്ടന്‍ ചിരിച്ച ചിരി, അതു ഞാനൊരിക്കലും മറക്കില്ല.
തിരിച്ചു കിട്ടില്ല എന്നു കരുതി തന്നെയാവും പുള്ളി ആ ഇളവ് തന്നത്.
അങ്ങനെ പിന്നീടുള്ള പല സപ്ലികള്‍ക്കുമുള്ള ആദ്യപടി എന്നോണം, ഞാനെന്റെ ഫസ്റ്റ് ഇയറിലെ ഫസ്റ്റ് എക്സാം ഗംഭീരമായി തന്നെ പിറ്റേ ദിവസം എഴുതി.