Friday 30 November, 2007

ഇക്രുവിന്റെ വിശേഷങ്ങള്‍

ഇക്രു പാവമാനു, നിഷ്കുവാണു, ഒരമുല്‍ബേബിയാണു,ക്ലീന്‍ഷേവാണു, ഫീലിങ്സ് കുട്ടനാണു തരം കിട്ടിയാല്‍ അര്‍ദ്ധരാത്രി കുട പിടിക്കുന്നവനാണു സര്‍വ്വോപരി എന്റെ സഹപ്രവര്‍ത്തകനാണു.

(സര്‍വഥാ യോഗ്യമായൊരു പേരു ഞങ്ങള്‍ ന്‍ല്‍കിയിട്ടുണ്ട്, ചില സുരക്ഷാ പ്രശ്നങ്ങളാല്‍ തല്‍ക്കാലം ഇക്രു എന്നു വിളിക്കാം)


ഇക്രു ഒറ്റക്കുഞ്ഞനാണു, ഇക്രുവിന്റെ സ്വന്തം ഭാഷയില്‍ പറഞ്ഞാല്‍

“ എന്റെ അമ്മ്യ്ക്കും, ഭാര്യയ്ക്കും, ചെന്നയിലെ വല്യമ്മാനും, കുലശെഖരത്തെ കൊച്ചുമാമനും, കൊടുങ്ങല്ലൂരിലെ ചിറ്റയ്ക്കും, വല്ലച്ചിറത്തെ വല്യമ്മയ്ക്കും(പിന്നെ ഇതിലൊക്കെക്കൂടി വരുന്ന കാക്ക്ത്തൊള്ളായിരം ബന്ധുക്കള്‍ക്കും) ഞാന്‍ മാത്രമെ ഉള്ളൂ“.
പത്തു തലമുറയ്ക്കപ്പുറം കേരളത്തില്‍ കുടിയേറിയ തമിഴ് കുടുംബാംഗമാണു. എന്നാലും നാടെവിടെ എന്നു ചോദിച്ചാല്‍ ചില മലബാര്‍ ക്രിസ്ത്യാനികളെപ്പോലെ മുള്ളിത്തെറിച്ച പഴയ തമിഴ്വേരേ പറയൂ . അതു ഉറപ്പിക്കാന്‍ സംഭാഷണത്തില്‍ മുട്ടിനു മുട്ടിനു വന്ത്, അന്ത, അപ്പറം എന്നിങ്ങനെ വേണ്ടിടത്തും വേണ്ടാത്തിടത്തും തിരുകികയറ്റും.

ഇന്റര്‍വ്യൂ സമയത്ത് ഇക്രു ബോസ്സിനെയും അഡ്മിനെയും ഒക്കെ വീഴ്തിക്കളഞ്ഞു. അത്രയ്ക്കായിരുന്നു പെര്‍ഫൊമന്‍സ്. എന്തൊക്കെ ആയിരുന്നു.

“വര്‍ക്ക് അപ്റ്റുഡേയ്റ്റ് ആയിരിക്കും, വര്‍ക്ക് പെന്ഡിങ് ആക്കുന്നതെനിക്കിഷ്ടമല്ല, എന്തെങ്കിലും പേഴ്സണല്‍ പ്രൊബ്ലം കാരണം ആബ്സന്റായാലും, വീട്ടിലിരുന്നെങ്കിലും വര്‍ക്ക് ഞാന്‍ തീര്‍ക്കും. രാവിലെ ഞാന്‍ കുറച്ചു നേരത്തെ വരും കാരണം വൈകിട്ടു നേരത്തെ പോകണം.”
വാക്കെന്നു പറഞ്ഞാല്‍ അതു ഇക്രു പറയുന്നതാ. വേറോന്നുപോലും ഇതുവരെ നടന്നിട്ടില്ലെങ്കിലും അവസാനം പറഞ്ഞകാര്യം അതൊരിക്കലും തെറ്റിച്ചിട്ടില്ല.
എയറു പിടിത്തത്തില്‍ അച്ചുമ്മാന്റെ കൊച്ചുമോനാ പുള്ളി. ചിരിയൊക്കെ വളരെ പിശുക്കിയാ, എങ്ങനാന്നെ, ചിരിക്കുന്ന വഴി തലയെങ്ങാന്‍ അനങ്ങിയാല്‍ ഭൂഗോളത്തിന്റെ ബാലന്‍സ് പോകില്ലെ. കോണ്‍സ്റ്റിപ്പേഷനുള്ള കൊച്ചിനെ രാവിലെ പോട്ടിയിലിരുത്തി കൂട്ടത്തിലൊരു നുള്ളും കൊടുത്താലോ, അതാണു സ്ഥായിയായ മുഖഭാവം.

ചില സമയത്തു അപാര നോളജ് പ്രകടിപ്പിച്ചു കളയും। ചിലതൊക്കെ കേട്ടിട്ട്, അഡ്മിന്റെ സ്വതവേ ഉരുണ്ടകണ്ണുകള്‍, “ കണ്ണെടുത്തകത്തിടട്രോ “ എന്നു പറയിപ്പിക്കും വിധത്തിലാകുന്നതു കണ്ടിട്ടുണ്ട്.

ഇക്രു നവ ഭര്‍ത്താവാണു, അതിന്റെ സര്‍വ്വ കുഴപ്പങ്ങളും കാണാനുണ്ട്.കന്നിനെ കയം കാണിക്കരുതെന്നു പറയുന്നതെത്ര ശരി.

അതിരാവിലെ പതിനൊന്ന് പതിനൊന്നരയോടെ എത്തും വന്നാലുടന്‍ നല്ലപാതിയെ വിളിക്കും വീട്ടില്‍ നിന്നിറങ്ങി ഇവിടെയെത്തിയതിനിടയ്ക്കുണ്ടായ കാര്യങ്ങള്‍ ഉള്‍പ്പെടെ ഒരു പ്രേമ പഞ്ചാര പാലരുവി അനര്‍ഗള നിര്‍ഗളം പ്രവഹിക്കും ത്രൂ മൊബൈല്‍. ഈ പരിപാടിയ്ക്കുള്ള ഫസ്റ്റ് ബെല്ലടിക്കുമ്പോള്‍ തന്നെ മറ്റുള്ളവര്‍ വെള്ളംകുടിക്കുക, എന്തെങ്കിലും സാധനം എടുക്കുക ഇതിനൊക്കെയായി സ്ഥലം കാലിയാക്കും. രാവിലെ വന്നിരുന്നു കഴിഞ്ഞാല്‍ പിന്നെ ഉണ്ണാനേ എഴുനേല്‍ക്കൂ എന്നു ശപഥമെടുത്ത സിബിച്ചന്‍ ഹെഡ് സെറ്റ് സ്ഥിരം അലങ്കാര വസ്തുവാക്കി. പ്രോഗ്രാം പത്തു മിനിടുമുതല്‍ 30 മിനുട് വരെയാകാം അതു അന്നത്തെ കണിയേ ആശ്രയിച്ചിരിക്കും.

ചിലപ്പോ‍ള്‍ ചുമ്മാ എങ്ങോ നോക്കി ചിരിച്ചങ്ങനെ ഇരിക്കുന്ന കാണാം മണിക്കൂറുകളോളം. ഉച്ച്യ്ക് ഊണിനു മുന്‍പ് , ശേഷം ഇടവേളകളില്‍ സൌകര്യം പോലെ രണ്ടോ മൂന്നോ തവണ ഒക്കെ ഫോണ്‍ ഇന്‍ പ്രോഗ്രാം ഉണ്ട്। കര്‍ത്താവേ വെള്ളം കുടിച്ചു കുടിച്ചെന്റെ അടപ്പൂരി.

പിന്നെ ഉള്ള കലശലായ രോഗം മൊബൈലോമാനിയയാ ആഴ്ച്കയ്ക്കാഴ്ച്ക മൊബൈല്‍ മാറ്റും(അതിശയോക്തിയല്ല) എന്നു മാത്രമല്ല ഫോണ്‍ മാറ്റിയ കാര്യം ഓരൊരുത്തരെയും. അതിന്റെ ഗുണഗണങ്ങളെപ്പറ്റി ഒരു സ്റ്റഡി ക്ലാസ്സ് കണ്ടക്റ്റ് ചെയ്യും. സത്യത്തില്‍ പലപ്പോഴും സഹതാപം തോന്നും. ചിലപ്പൊ ചിരിക്കണോ കരയണൊ എന്നറിയാതെ നിന്നു പോകും. നോക്കിയ 6270 ഒക്കെ കൊണ്ടു വന്നിട്ട് ഇതു തിരുവനന്തപുരത്ത് ഒറ്റ എണ്ണമേ ഉള്ളൂ അതാണിത് എന്നൊക്കെ പറഞ്ഞാല്‍ പിന്നെ.

അത്യാവശ്യം തിരക്കുള്ള ഒരു ദിവസം. അഡ്മിന്‍ ലീവാണു ഒരു ക്ലയന്റ് ആണെങ്കില്‍ ഇരുത്തിപൊറുപ്പിക്കുന്നില്ല. ഇക്രു വന്നിട്ടു വേണം സോള്‍വ് ചെയ്യാന്‍. അഡ്മിന്‍ ത്രൂ ഫോണ്‍ കാര്യങ്ങള്‍ ഹാന്‍ഡില്‍ ചെയ്യുന്നു. ഏതാണ്ടുച്ചയായപ്പോള്‍ അതാ വരുന്നൂ കഥാ നായകന്‍. വന്നു സിസ്റ്റം ഓണ്‍ ചെയ്തു. ഓ സിസ്റ്റം കമ്പ്ലയിന്റ് എന്നൊക്കെ ആത്മഗതം പുറപ്പെടുവിച്ചെങ്കിലും ആര്‍ക്കും കാര്യം പിടികിട്ടിയില്ല മാത്രവുമല്ല ഒട്ടും എയര്‍ വിടതെ തന്നെ നില്‍ക്കുന്നതിനാല്‍ ആരും അങ്ങോട്ടു ശ്രദ്ധിച്ചതുമില്ല. ആശാന്‍ കൂളായിരിക്കുകയാ. ഒരു ഒന്നൊന്നര മണീക്കൂര്‍ കഴിഞ്ഞുകാണും അഡ്മിന്റെ കാള്‍.
“ഇക്രുവിന്റെ സിസ്റ്റം കമ്പ്ലയിന്റാണോ“
“അറിയില്ല“
“ഒന്നു നോക്കൂ, കമ്പ്ലയിന്റെ ആണെങ്കില്‍ മെയിന്റനന്‍സിനു വിളിച്ചു പറയൂ
വെരി അര്‍ജന്റ് ഇന്നു വൈകുന്നേരം കൊടുക്കേണ്ട ഒരു വര്‍ക്കാണു“
ഓകെ സര്‍.
ഇക്രൂ സിസ്റ്റം കമ്പ്ലയിന്റാണൊ
ആ അതെ
ഞാന്‍ ചെന്നു നോക്കി
കണ്ടു ആ മാരക കമ്പ്ലയിന്റെ
സ്വിച്ച് ഓണാക്കിയിട്ടില്ല.

എന്ത് പറ്റിയെന്നോ. സാധാരണ രാവിലെ വരുന്ന ആള്‍ എല്ലാ സ്വിച്ചും ഓണ്‍ ആക്കും. പിന്നെ വരുന്നവര്‍ സിസ്റ്റം മാത്രം ഓണാക്കിയാല്‍ മതി. അന്ന് എങ്ങനെയോ ഇക്രുവിന്റെ സിസ്റ്റത്തിന്റെ സ്വിച്ച് ഓണാക്കാന്‍ വിട്ടുപോയി. എന്നും അവസാനം വരുകയും മിക്കവാറും ആദ്യം പോകുകയും ചെയ്യുന്ന പുള്ളിക്കാരനു ഇതൊന്നും അറിയില്ലായിരുന്നു.

പിന്നെ നമ്മുടെ ഇക്രുവിന്റെ ലോകത്തിലേയ്ക്കൊരു പുതിയ ആള്‍ വരുവാ. ഇക്രുവും ഭാര്യയും അതിനായുള്ള കാത്തിരിപ്പിലാ. നമുക്കും പ്രാര്‍ത്ഥിക്കാം അല്ലെ.

8 comments:

കാര്‍വര്‍ണം said...

“ഇക്രു പാവമാനു, നിഷ്കുവാണു, ഒരമുല്‍ബേബിയാണു,ക്ലീന്‍ഷേവാണു, ഫീലിങ്സ് കുട്ടനാണു തരം കിട്ടിയാല്‍ അര്‍ദ്ധരാത്രി കുട പിടിക്കുന്നവനാണു സര്‍വ്വോപരി എന്റെ സഹപ്രവര്‍ത്തകനാണു“

ഇതു എഴുതുവാന്‍ വേണ്ട ധൈര്യം തന്ന ഷൈനു വേണ്ടി ഈ പോസ്റ്റു ഞാന്‍ ഡെഡിക്കേറ്റു ചെയ്യുന്നു.

ശ്രീ said...

ഇക്രു കൊള്ളാമല്ലോ.

എന്തായാലും ഇക്രുവിന്റെ ലോകത്തേയ്ക്കു വരുന്ന പുതു തലമുറയ്ക്ക് ആശംസകള്‍‌.

:)

കണ്ണൂരാന്‍ - KANNURAN said...

വ്യക്തിഹത്യയാണല്ലെ. പാവം ഇക്രു, ചിലരിങ്ങനെയാ..

പ്രയാസി said...

“ഇക്രു പാവമാനു, നിഷ്കുവാണു, ഒരമുല്‍ബേബിയാണു,ക്ലീന്‍ഷേവാണു, ഫീലിങ്സ് കുട്ടനാണു തരം കിട്ടിയാല്‍ അര്‍ദ്ധരാത്രി കുട പിടിക്കുന്നവനാണു

“സര്‍വ്വോപരി എന്റെ സഹപ്രവര്‍ത്തകനാണു“
പിന്നെ എങ്ങനെ ഇക്രു ഇങ്ങനാകാതിരിക്കും..;)

കാര്‍വര്‍ണം said...

ശ്രീയെ: :)
കണ്ണൂരാനെ അങ്ങനെ പറയല്ലെ. അതെ പാവമാ കേട്ടോ.
പ്രയാസീ.... ഹ്മ്....
നിനക്കു വച്ചിറക്കേ .. എടുത്തു വച്ചിറക്കേ.

Murali K Menon said...

കൊടുങ്ങല്ലൂരിനും വല്ലച്ചിറക്കുമിടക്ക് ഇരിങ്ങാലക്കുട ഇക്രുവിനു വല്ല ബന്ധുവുണ്ടോന്ന് നോക്കിയപ്പോള്‍ ഇല്ല, അപ്പ കൊഴപ്പല്യ.... കാര്യങ്ങള് നടക്കട്ടെ, കുട്ടി ഇക്രു പോരട്ടെ,,

:))

സാജന്‍| SAJAN said...

ഇക്രു നവ ഭര്‍ത്താവാണു, അതിന്റെ സര്‍വ്വ കുഴപ്പങ്ങളും കാണാനുണ്ട്.കന്നിനെ കയം കാണിക്കരുതെന്നു പറയുന്നതെത്ര ശരി.
ഇദാപ്പൊ നന്നായേ!!!
ഓടോ എഴുത്ത് മെച്ചമാവുന്നുണ്ട് കേട്ടോ:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: നമ്മളു സഹപ്രവര്‍ത്തകരല്ലല്ലോ? ചാത്തനും ഒരു നവ ആണ്