Sunday 21 September, 2008

തിരക്കഥ, ഒരു സാദാ കാഴ്ച

സിനിമയെ സ്നേഹിക്കുന്ന ഗൌരവത്തോടെ കാണുന്ന പ്രതിഭയുള്ള ഒരു കൂട്ടം ചെറുപ്പക്കാർ അവരുടെ ആദ്യ സിനിമ വിജയമായിരുന്നു. കൂട്ടത്തിൽ നേതാവ് സംവിധായകൻ അക്ബർ അഹമ്മദ്. അവർ അടുത്ത കഥയ്ക്കുള്ള അന്വേഷണത്തിലാണു. അതു ചെന്നെത്തുന്നത് ഇന്നത്തെ സൂപ്പർസ്റ്റാറിന്റെ, കാമുകിയും ഭാര്യയുമായിരുന്ന ഒരു പഴയകാല നായികയിലാണ്. പക്ഷേ ഇന്നവർ എവിടെയാണെന്നു പോലും ആർക്കും അറിയില്ല. ആ അന്വേഷണത്തിന്റെ ഒടുവിൽ മരണാസന്നയായ അവരെ കണ്ടെത്തുമ്പോൾ, അക്ബറിനും കൂട്ടർക്കും ഒരു കഥാപാത്രമെന്നതിനുപരി അവർ മറ്റെന്തൊക്കെയോ ആയി തീരുന്നു. അവരുടെ പരിചരണം സംഘം ഏറ്റെടുക്കുന്നു. ഇന്നത്തെ സൂപ്പർസ്റ്റാറായ പഴയ ഭർത്താവിനെ പിരിയേണ്ടി വന്നതിനു കാരണമായ ധാരണകൾ തെറ്റായിരുന്നു എന്ന തിരിച്ചറിവും പുനസമാഗമവും ഒക്കെയായി സിനിമ അവസാനിക്കുന്നു.

കൊള്ളാം, മാടമ്പിത്തരങ്ങളും പെഡിഗ്രി ബാധകളും ഒഴിഞ്ഞ ഒരു രെഞ്ജിത്ത് ചിത്രം. ചെറുതല്ലാത്ത ഒരു വേഷം അഭിനയിക്കുന്നുമുണ്ട് സംവിധായകൻ. നല്ലൊരു കഥ നന്നായി തന്നെ പറഞ്ഞിരിക്കുന്നു. എങ്കിലും എനിക്കു തോന്നിയ ചില കാര്യങ്ങൾ കൂടി പറഞ്ഞോട്ടെ.

പ്രിഥിരാജ് അഭിനയിക്കാൻ പഠിച്ചിരിക്കുന്നു. സുരേഷ് കൃഷ്ണ ആദ്യമായി ഒരു സിനിമയിൽ അഭിനയിച്ചു കണ്ടു. ഇതു വരെ കണ്ണും മുഖവും കൊണ്ടു കൊപ്രായം കാണിക്കുന്നതെ കണ്ടിട്ടുള്ളൂ.

ഒരു അനുഗ്രഹീത കലാകാരിയുടെ കഥയാണെന്നൊക്കെയാ കേട്ടത്. തുടക്കത്തിലേ തകർന്നു പോയൊരു ദാമ്പത്യവും, രോഗാതുരയായ അന്ത്യവുമല്ലാതെ വലിയ സാമ്യമൊന്നും എനിക്കു തോന്നിയില്ല.

ശ്രീവിദ്യാമ്മയുടെ ഫോട്ടോ ഒക്കെ വച്ച പോസ്റ്റർ കണ്ടപ്പോളേ തോന്നി ഇങ്ങനെ ഒരു കഥയാണെങ്കിൽ പിന്നെ ഇവരുടെ ആകാര സാമ്യവും, അഭിനയ പാടവും ഉള്ള നടികൾ നമുക്കുണ്ടല്ലോ പിന്നെ എന്തിനാ പ്രിയാമണി എന്നു. ഒരു പാട്ടു കണ്ടപ്പോൾ ആ സംശയം മാറി.
പാട്ടിന്റെ കാര്യം പറഞ്ഞപ്പോഴാ, ശരത്തിന്റെ സംഗതികൾ ഒന്നും സിനിമയ്ക്ക് ഗുണം ചെയ്തില്ല. പാലപ്പൂ എന്ന പാട്ടു മാത്രം മനസിൽ നിൽക്കുന്നുള്ളൂ. അതു തന്നെ കുറേ വട്ടം ചാനലിൽ കണ്ടതു കൊണ്ടാണെന്നു തോന്നുന്നു.

വിവാഹത്തിലെത്തിയ അതിതീവ്രമായ പ്രണയം അത്രയേറെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിച്ച, പരസ്പരം മനസിലാക്കുകയും വിട്ടുവീഴ്ചകൾക്ക് തയ്യാറാവുകയും ചെയ്ത ആ ദമ്പതികളെ വേർപിരിച്ച ആ രഹസ്യം ക്രൂരമായൊരു സത്യമാണെന്ന് വെളിപ്പെടുത്താനും മനസിലാക്കാനും മരണക്കിടക്ക വരെ കാത്തിരിക്കേണ്ടി വന്നു എന്നിടത്ത് തിരക്കഥ വെറും തിരക്കഥയായിപ്പോയി.

മനസിൽ തെളിഞ്ഞു നിൽക്കുന്നത്:

തെളിഞ്ഞ ആകാശത്തിന്റെ പശ്ചാത്തലത്തിൽ ചെമ്മൺ ക്വോറിയിൽ പ്രിഥിയും കൂട്ടരും നൃത്തം ചെയ്യുന്ന ഫ്രെയിമിന്റെ സൌന്ദര്യം.
അവസാന സീനിന്റെ തീവ്രത.
അനൂപിന്റെ ഭംഗിയുള്ള ചിരി.

7 comments:

കാര്‍വര്‍ണം said...

തിരക്കഥ കണ്ടപ്പോൾ തോന്നിയത്.

G.MANU said...

അതുശരി റിവ്യു പരിപാടിയും തുടങ്ങിയോ..
:)
തിരക്കഥ മലയാള സിനിമയ്ക്ക് ഒരു ആശ്വാസമാണ്.. ആശ്വാസം മാത്രം...

ശ്രീ said...

അത്രയെങ്കിലും ആകട്ടെ മനുവേട്ടാ
:)

ഏറനാടന്‍ said...

രഞ്ജിത്ത് ഈ തിരക്കഥ തിരക്കിട്ട് എഴുതിയ കഥയല്ല എന്നുറപ്പ്!

smitha adharsh said...

പക്ഷെ,എനിക്കെന്തോ,ഈ "തിരക്കഥ" നന്നായി ഇഷ്ടപ്പെട്ടു...രണ്ജിത്,ശ്രീവിദ്യയുടെ ജീവിത കഥ ഉള്‍ക്കൊണ്ടു കൊണ്ടു ഒരു കഥ എഴുതി എന്ന് ഒരു ചാനെല്‍ ഇന്റര്‍വ്യൂ വില്‍ പറഞ്ഞപ്പോള്‍,പോയി കണ്ടതാണ്....അവരുടെ കഥ പക്ഷെ,എവിടെയൊക്കെയോ സാമ്യം ഉള്ളതല്ലാതെ ,അപ്പാടെ പകര്‍ത്തിയതായി തോന്നിയില്ല.
ഗാനങ്ങള്‍ പക്ഷ,ഒന്നും നിലവാരം പുലര്‍ത്തിയതായി തോന്നിയില്ല.ശരത്തിന് റിയാലിറ്റി ഷോ ജഡ്ജ് പണി തന്നെ നല്ലത് എന്ന് തോന്നുന്നു.

PIN said...

അവലോകനം നന്നായിട്ടുണ്ട്.. തുടരുക...
നല്ല സിനിമ തിരഞ്ഞെടുക്കാൻ ഇത് സഹായകമാകും

Pongummoodan said...

:)