Thursday, 15 November 2007

അങ്ങനെ ആ കുടുംബം........

ഇതൊരു ദുരന്ത പര്യവസായിയായ ശോക കഥയാണു. ഇതിലെ നായിക, അതു ഞാനല്ല പക്ഷെ വില്ലന്‍ അതോ വില്ലിയോ അല്ല വില്ലത്തി അതു ഞാനാണ്,
കൂടുതല്‍ ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള കരുതലോടെ,


അങ്ങ് പയ്യന്റെ ഊരില വാസകാലം
നമ്മ ആടെ കീഞ്ഞു പാഞ്ഞു ജോലി ചെയ്യുന്ന കാലം।
പലതും കേട്ടു മനസിലായും, മനസിലാകാതെയും, കണുതള്ളിയും വാ പൊളിച്ചും നിന്നു പോയ കാലം
ആ മനോഹര കാലമെഏഏ....

അയ്യൊ, എനിക്കും നൊവാള്‍ജിയ വരുന്നൂ.

ഊരിലെ ആദ്യ ദിവസം തന്നെ സംഭവ ബഹുലമായിരുന്നു.
എന്റെ സുഹ്രുത്തിന്റെ ഓഫീസിലിരുന്നാ അന്നു ലഞ്ച് കഴിച്ചത്. അതൊരു ബഹു നില കെട്ടിടമായിരുന്നു. ഏറ്റവും മുകളിലാണീ ഓഫീസ്. ഭക്ഷണം കഴിച്ച് കഴിഞ്ഞ് കൈ കഴുകാനായ് വേസ്റ്റും പിടിച്ച് ബാല്‍ക്കണിയിലെയ്ക്കിറങ്ങിയപ്പോള്‍ കൂടെ ഉള്ള പെണ്‍കുട്ടി പറയുവാ

“ചാടിക്കൊ”
ങ് ഹെ
“ചാടിക്കോപ്പാ”
എന്ത്
“നിങ്ങ ചാടിക്കോന്ന്”
ഇതെന്തരു കൊച്ചേ നീ പറേണ ഇതിന്റെ മണ്ടേന്ന് ചാടാനാ
“ഏ.. നിങ്ങ അത് കീഴെയ്ക്ക് ചാടിക്കോന്ന്”
എന്തോന്ന്.....

(കണ്ണൂര്‍ ഭാഷ അറിയാത്തവര്‍ക്കായി, ചാടുക മീന്‍സ് കളയുക, എറിയുക। കയ്യിലിരിക്കുന്ന വേസ്റ്റ് താഴെ കളഞ്ഞോളൂ എന്നെ ആ പാവം ഉദ്ദേശിച്ചുള്ളൂ. )
തീര്‍ന്നില്ലാ‍ാ॥

ഓഫീസിലിരുന്നപ്പൊ ഒരാളു വന്നു ചോദിച്ചു

“ഓട്ത്തൂ സൌമ്യ”
ങ് ഹെ അതെന്ത് സാധനം
എന്റെ വാ പൊളിഞ്ഞു വരുന്നത് കണ്ടിട്ടാവും കുറേ കൂടി വ്യക്തമാക്കി.
“ഈടിരിക്കണ സൌമ്യെല്ലെ ഓള് ഏടെ പോയീനീ”
ഓ എന്നത്...
അങ്ങനെ അങ്ങനെ ഈ പയ്യന്നൂര്‍ക്കാരെന്നെ എന്തലൊ ബെകിട് കളിപ്പിച്ചു.

ഓഫീസിലെ എന്റെ സീനിയര്‍ വളരെ ഫ്രെണ്ട് ലി ആയിരുന്നു। ഞാന്‍ ചെന്ന ഇടയ്ക്കായിരുന്നു സാറിന്റെ അനിയത്തിയുടെ വിവാഹം. പോയ്, സാറിന്റെ കുടുംബത്തെ ഒക്കെ വിശദമായി തന്നെ ഞങ്ങള്‍ പരിചയപ്പെട്ടു.
നമ്മുടെ സാര്‍ ഒരു കലാകാരനാണു കേട്ടോ, കഥ, കവിത, വര എന്നു വേണ്ട ഒരു കൊച്ചു ബാലചന്ദ്ര മേന്ന്നാ മൂപ്പര്‍.
അങ്ങനെയിരിക്കുമ്പോ നുമ്മടെ സൌമ്യ പോയ് പകരം വേറൊരാളെത്തി, ഓളും വേഗം നുമ്മടെ ആളായി.
ഒരീസം ഓള സിസ്റ്റത്തില്‍ സാറൊരു ചിത്രം വരച്ചു, കാവ്യാത്മകമായ ഒരു വാചകവുമെഴുതി ഡെസ്ക് ടോപ്പിലിട്ടു.
ഞാനത് കണ്ടതു വൈകുന്നെരത്ത് അന്നേരം സാറു പോയിരുന്നു.
ജാത്യാലുള്ളത് തൂത്താല്‍ പോകില്ലല്ലോ. ഇവിടെയും അതു തന്നെ സംഭവിച്ചു. ജാത്യാലുള്ള വിരുവിരുപ്പ് പുറത്തു വന്നു
ആ മനോഹര വരികള്‍ക്ക് കുറിക്കു കൊള്ളുന്ന ഒരു ബദല്‍ കൂടി ചേര്‍ത്തു.
ഹൊ എന്തരാശ്വാസം.
പിറ്റെന്ന് എനിക്ക് ഔദ്യൊഗികമായി തന്നെ മറ്റൊരു ഓഫീസില്‍ പോകേണ്ടതുണ്ടായിരുന്നു.
അവിടെ ചെന്നപ്പൊള്‍ പരിചയമുള്ള ഒരു മുഖം. പക്ഷെ അങ്ങോട്ടു കിട്ടുന്നില്ല്ല, ശ്ശെടാ,
അവിടെയും ഇതെ ചോദ്യം, ഭാവം.
ആ കിട്ടിപ്പൊയ്.. ----- സാറിന്റെ വൈഫ് അല്ലെ???

“ആന്ന്.. ആ.. നിങ്ങ, നിങ്ങ എന്താ ഈടെ”

കാര്യം പറഞ്ഞു പുള്ളിക്കാരി ആവശ്യമായ സഹായങ്ങള്‍ നല്‍കി. ബാഗൊക്കെ ആ ചേച്ചീടെ ടേബിളില്‍ വച്ചു ഞാന്‍ ബന്ധപ്പെട്ട സെക്ഷനിലേയ്ക്ക് പോയ്. തിരിചു വന്നപ്പഴതാ

ഹരിവരാസരം വിശ്വമോഹനം.......
മൊവീലാ.. ഓടിപ്പാഞ്ഞു വന്നപ്പോഴേക്കും തീര്‍ന്നു.
നമ്മുടെ ചേച്ചി പറഞ്ഞു കുറേ നേരമായി ബെല്ലടിക്കുന്നു.

അരാണപ്പാ ഇത്ര അക്ഷമനായി വിളിക്കാന്‍
യന്ത്രം എടുത്തു പരിശോദിച്ചു.
നമ്മുടെ സാറാ। (അതായത് മുന്‍പിലിരിക്കുന്ന ഈ ചേച്ചിയുടെ ഓന്‍)

ഞാന്‍ ഇന്‍ഫൊര്‍മെഷന്‍ പാസ്സ് ചെയ്തു.
സാറാ, ഓഫീസ്സിലെന്തെങ്കിലും അത്യാവശ്യം കാണും. ഇനി അങ്ങോട്ടു വിളിക്കാം.
ഞാന്‍ ഡയല്‍ ചെയ്തു , ബെല്ലടിക്കുന്നു.
ഞാന്‍ ചേച്ചിയെ നോക്കി. ഇത്രയും നേരം ഉണ്ടായിരുന്ന വോള്‍ട്ടേജ് ഇപ്പോ അവിടെ ഇല്ല.
അപ്പൊഴാണ് ആ പോസ്സിബിലിറ്റി ഞാന്‍ ഓര്‍ത്തത്.
അവരുടെ ഓന്‍ എന്റെ ഫോണില്‍ വിളിക്കുന്നു, അതും പുള്ളിക്കാരീടെ മുന്‍പില്‍ വയ്ച്ച്, ഞാനാണേ അതു കണ്ടതും തിരിച്ചു കുത്തുന്നു. സംഗതി ചിലപ്പൊ ഒഫീഷ്യലാകും, എന്നലും ഒരു ഭാര്യാ മനം അത് അങ്ങനെ തന്നെ കാണുമോ??, ഇതൊക്കെ പൊറുക്കുമോ..
അയ്യോ ഇനീപ്പ എന്തു ചെയ്യും॥ ഈ ചിന്തയുടെ റിഫ്ലക്സ് ആക്ഷനായി എന്റെ വലം കൈ വിത്ത് ഫോണ്‍ ആ ചേച്ചിയ്ക്കു നേരെ നീണ്ടു.

ചേച്ചി സുസ് മേര വദനയായി അതു വാങ്ങി,
ചെവിയില്‍ ചേര്‍ത്തതും മറ്റേ തല്ക്കല്‍ കാള്‍ എടുത്തു. ആവിടെ നിന്നും വന്ന ആദ്യ വാചകം
“ഏ.. --------യീ, ഞാന്‍ സരിതയ്ക്ക് കൊടുത്ത ചിത്രത്തില്‍ നീയെന്തേ കാട്ടീത് ?”
ഇവിടെ സമ്പൂരണ്ണ പവര്‍ക്കട്ട്.
ചോദ്യം ചില്ലറ വ്യത്യാസത്തോടെ ആവര്‍ത്തിച്ചു.
“ഹല്ലൊ, ഇതു ആളു വേറെയാന്നു, അല്ലാ ആരേ ഈ സരിത”
“ഹല്ലൊ“
“ഹല്ലൊ“
“ഇതാരേ”
“മനസിലായില്ലാ‍ാ‍ാ”
“ഇല്ലാ”
“ശബ്ദം കേട്ടിട്ട് അറീന്നില്ല്ലാ‍ാ‍ാ”
“ഹല്ലൊ“
“ഹല്ലൊ, ഇതു കരിവള്ളൂരീന്നാന്നെ”
“ഷീ..ല... യാ.. , ഏ നിനക്കെങനെ ഈ ഫോണ്‍ കിട്ടി”
“ആ.. കിട്ടി, ഓളീടെ വന്നീനീ...”
കട്ട്. കാള്‍ കട്ടായി..

രണ്ടു ദിവസം കഴിഞ്ഞാ ഞാന്‍ പിന്നെ സാറിനെ കണ്ടതു, അപ്പോ പുള്ളി ചോദിച്ചു
“ഞാന്‍ ഫോണ്‍ എടുത്തു കഴിഞ്ഞിട്ട് പിന്നെ ഷീലയ്ക്ക് കൊടുത്താല്‍ പോരായിരുന്നോ”

മതിയായിരുന്നു, പക്ഷെ സംഭവിചു പോയില്ലെ.
എന്റെ ബൂലോകരെ എനിക്കറിയില്ല, ഞാന്‍ എന്തിനാ അങ്ങനെ ചെയ്തതെന്ന്. അതു സാറിനെ പറഞ്ഞു മനസിലാക്കാനും എനിക്കു കഴിഞ്ഞില്ല. കാരണം അതിനു ശേഷം മൂപ്പരെന്നോടു മിണ്ടിയിട്ടില്ല, വിളിച്ചിട്ടില്ല എന്റെ കാള്‍ അറ്റന്‍ഡു ചെയ്തിട്ടില്ല.

8 comments:

കാര്‍വര്‍ണം said...

ഇതൊരു ദുരന്ത പര്യവസായിയായ ശോക കഥയാണു. ഇതിലെ നായിക, അതു ഞാനല്ല പക്ഷെ വില്ലന്‍ അതോ വില്ലിയോ അല്ല വില്ലത്തി അതു ഞാനാണ്,
കൂടുതല്‍ ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള കരുതലോടെ

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എന്നിട്ടവിടുന്ന് പിരിച്ചും വിട്ടില്ലാലോ നല്ല മനസുള്ളതോണ്ടാ ഞമ്മളെ നാട്ടുകാര്‍ക്ക്. അതും ഇമ്മാതിരി തലതിരിഞ്ഞ പാര വെച്ചിട്ടും.

പിന്നെ ”ഓട്ത്തൂ സൌമ്യ“ അല്ല ‘ഏട്ത്തൂ സൌമ്യ‘

ത്രേസ്യാ കൊച്ചേ ഒരു ചൂരലും എടുത്തോണ്ട് ഓടിവാ ഇവിടൊരുത്തി (അതോ ഇവിടൊരു തീ‍)ഞമ്മള നാട്ടുകാരെ കളിയാക്കുന്നു.

ശ്രീ said...

കഷ്ടം. പോയ ബുദ്ധി ആന പിടിച്ചാലും കിട്ടില്യാല്ലോ.

ഹ, അതങ്ങ് ക്ഷമി ചാത്താ...

:)

കൊച്ചുത്രേസ്യ said...

ഒരു കുടുംബം കുട്ടിച്ചോറാക്കീതും പോരാ; കണ്ണൂരുഭാഷെനെ കുറ്റം പറയുകയും കൂടി ചെയ്യുന്നോ..ചാത്താ കയ്യില്‍ ബോംബു വല്ലതും സ്റ്റോക്കുണ്ടെങ്കില്‍ ഒരെണ്ണമിങ്ങെടുത്തേ..
അല്ലെങ്കില്‍ പോട്ടെ..ഇത്തവണത്തേയ്ക്കു ക്ഷമിയ്ക്കാം ..ഇനീം ഇതു പോലെ നല്ല പോസ്റ്റുകളിടാംന്നുറപ്പു തരാമെങ്കില്‍ മാത്രം :-)

Kaithamullu said...

ഇനി ഇങ്ങനെ വല്ലതും എഴുതാന്‍ തോന്നിയാല്‍ ആ കൊച്ച് ത്രേസ്യാക്കൊച്ചിനെ ഒന്ന് കാണിച്ച ശേഷം മതി, കാര്‍വര്‍ണമേ! പുള്ളിക്കാരീടെ കയ്യില്‍ ബോംബുകളേറെ സ്റ്റോക്കുണ്ട്; കോപിച്ചാ എടുത്ത് പ്രയോഗിച്ച് കളേം.....!

കുട്ടിച്ചാത്തനെ ഇനി പേടിക്കണ്ടാ, ആരോ ആവാഹിച്ച് വച്ചിരിക്കയല്ലേ?

രചന നന്നായി. ഇനിയും എഴുതുക, മടി കാണിച്ചിരിക്കാതെ.

കാര്‍വര്‍ണം said...

അയ്യോ, ഞാന്‍ കളിയാക്കിയതല്ല. നിങ്ങളെന്നെ തെറ്റിസ്മരിച്ചു..

കണ്ണൂരെത്തിയാല്‍ ഞാന്‍ എന്റെ കഴിവനുസരിച്ച് അമ്മാതിരി തന്നെയാ വര്‍ത്താനം.
നിങ്ങ എടങ്ങേറക്കല്ലെ ചാത്താ..
ആ ത്രേസ്യായില്ലെ, ഓളു ആളു പിശകാന്നാ പറേന്നെ.
നമ്മ ഒന്നിനും ഇല്ലപ്പാ..

തിരുത്തലിനു നന്ദി. ഞാനിതുവരെയും അങ്ങനാ ധരിച്ചിരുന്നേ.

എല്ലാവര്‍ക്കും നന്ദി.

സുല്‍ |Sul said...

കാര്‍വര്‍ണ്ണമേ
കലക്കീലോ അനുഭവം.
ഏതായാലും ചുളുവിലൊരു വില്ലത്തി വേഷവും കിട്ടി.
ഇനിയും പോരട്ടെ ഇതുപോലെ ബാക്കി.

-സുല്‍

Murali K Menon said...

ആദ്യമായാണിവിടെ...കമന്റ് ബാക്ക് ടു ബാക്ക് എന്ന സ്റ്റൈലില്‍.
ഇത് വായിച്ചപ്പോള്‍ ഇതേ അനുഭവം എനിക്ക് ബോംബെയില്‍ ഒരു കണ്ണൂര്‍ക്കാരന്‍ സൂപ്പിക്കായുടെ കടയുടെ മുന്നില്‍ നില്‍ക്കുമ്പോളുണ്ടായത് ഓര്‍ത്തുപോയി. കുറച്ച് വേയ്സ്റ്റ് കടലാസ് എന്റെ കയ്യില്‍ തന്നീട്ട് പറഞ്ഞു, ചാടിക്കോളാന്‍.. (ചാട്ടിക്കേ എന്നാണെന്ന് തോന്നുന്നു) ഞാന്‍ അതും പിടിച്ച് ചാടണോ മറിയണോ എന്നറിയാതെ നിന്നപ്പോള്‍ കോഴിക്കോടുകാരന്‍ വാസു പറഞ്ഞു, “അതങ്ങട് കളയടോ” എന്ന്. പിന്നെ ഏടത്തൂ എന്ന പ്രയോഗം കേട്ടത് കണ്ണൂര്‍ക്കാരിയില്‍ നിന്നാണ്. എന്റെ മോളോട് അച്ഛന്‍ ഏടത്തൂ എന്ന് ചോദിക്കുന്നത് ഞാന്‍ കേട്ടീട്ടുണ്ട്. ‘എന്റെ കേരളം എത്ര സുന്ദരം’ അല്ലേ